കൊച്ചി: മരടിൽ തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമിച്ച ഫ്ളാറ്റുകൾ പൊളിച്ചേ മതിയാവൂവെന്നു സുപ്രീംകോടതി വീണ്ടും ആവർത്തിച്ചതോടെ ചങ്കിടിപ്പേറി ഫ്ളാറ്റ് നിവാസികൾ. സർക്കാർ തീരുമാനം വരട്ടേയെന്നും അതിനുശേഷം പ്രതികരിക്കാമെന്നുമാണ് ഫ്ളാറ്റ് ഉടമകളുടെ പ്രതികരണം. ലക്ഷങ്ങൾ മുടക്കി വാങ്ങിയ ഫ്ളാറ്റുകൾ ഒഴിഞ്ഞുപോകേണ്ടിവരുമോയെന്ന ഭയത്തിലാണു മിക്കവരും. ബാങ്കുകളിൽനിന്ന് ലക്ഷങ്ങൾ ലോണെടുത്താണ് ഇവരിൽ പലരും ഫ്ളാറ്റുകൾ സ്വന്തമാക്കിയത്.
അതേസമയം, സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ എന്ത് ചെയ്യണമെന്നതിൽ നഗരസഭ അധികൃതർക്കും വ്യക്തതയില്ല. തങ്ങൾക്ക് ഒറ്റയ്ക്കായി ഒന്നും ചെയ്യാനാകില്ലെന്നും സർക്കാർ തലത്തിൽനിന്നു സഹായം ലഭിച്ചാൽ മാത്രമേ ഫ്്ളാറ്റ് പൊളിക്കൽ നടപടികളുമായി മുന്നോട്ട് പോകാനാകുവെന്നും മരട് നഗരസഭ ചെയർപേഴ്സണ് വ്യക്തമാക്കി.
ഇതുചൂണ്ടിക്കാട്ടി സർക്കാർ വൃത്തങ്ങളുമായി പലകുറി ബന്ധപ്പെട്ടെങ്കിലും യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ല. ഫ്ളാറ്റുകൾ പൊളിച്ചു നീക്കുന്പോൾ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാനെത്തിയ ചെന്നൈ ഐഐടി സംഘത്തിന്റെ റിപ്പോർട്ടും ഇതുവരെ തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കുന്നു. സർക്കാർ തലത്തിൽ റിപ്പോർട്ട് കൈമാറിയിട്ടുണ്ടോയെന്ന് അറിയില്ല. നേരിട്ട് പൊളിച്ചുനീക്കേണ്ട സ്ഥിതി സംജാതമായാൽ നഗരസഭയുടെ പ്രവർത്തനങ്ങൾ മുഴുവൻ അവതാളത്തിലാകും.
ഇതിനാവശ്യമായ തുക കണ്ടെത്താൻ നിലവിലെ സാഹചര്യത്തിൽ നഗരസഭയ്ക്കു സാധിക്കില്ലെന്നും പൊളിച്ചുനീക്കുന്നതുമായി ബന്ധപ്പെട്ട് വിദഗ്ധരുടെ സഹായങ്ങൾ ആവശ്യമാണെന്നും ചെയർപേഴ്സണ് പറഞ്ഞു. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണു സർക്കാർ തലത്തിൽ ചർച്ചകൾ നടത്തിയതെങ്കിലും തുടർ നടപടികൾ സംബന്ധിച്ച് ഒരു തീരുമാനവും അറിയിച്ചിട്ടില്ലെന്നാണ് നഗരസഭ അധികൃതർ വ്യക്തമാക്കുന്നത്. ഇതിനുപുറമേ, മുൻ സെക്രട്ടറിയെ സർക്കാർ സ്ഥലംമാറ്റിയതും നഗരസഭയ്ക്കു തിരിച്ചടിയായിട്ടുണ്ടെന്നാണു സൂചന. കഴിഞ്ഞ ദിവസംമാത്രമാണ് പുതിയ സെക്രട്ടറി മരട് നഗരസഭയിൽ ചുമതലയേറ്റെടുത്തത്.
കുണ്ടന്നൂർ ഹോളി ഫെയ്ത്ത് അപ്പാർട്ട്മെൻറ്, ഗോൾഡൻ കായലോരം, നെട്ടൂർ ആൽഫാ വെഞ്ചേഴ്സ്, ജെയ്ൻ കോറൽ കോവ്, ഹോളിഡേ ഹെറിറ്റേജ് എന്നീ ഫ്ലാറ്റുകളാണു സുപ്രീംകോടതി ഉത്തരവുപ്രകാരം പൊളിച്ചുനീക്കേണ്ടത്. ഈ ഫ്ളാറ്റുകളിലായി ഏകദേശം മുന്നൂറോളം കുടുംബങ്ങളാണു കഴിഞ്ഞുവരുന്നത്. മുന്പ് ഇവർ നൽകിയ പുനപരിശോധന ഹർജികളും സുപ്രീംകോടതി തള്ളിയിരുന്നു. തങ്ങളുടെ ഭാഗം കേൾക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിക്കണോയെന്നതിലും ഫ്ളാറ്റ്് ഉടമകളുടെ ഇടയിൽ ചർച്ച സജീവമാണ്.