ന്യൂഡൽഹി: മരടിലെ അഞ്ച് ഫ്ളാറ്റുകൾ പൊളിച്ചുമാറ്റണമെന്ന് ആവർത്തിച്ച് സുപ്രീംകോടതി. സെപ്റ്റംബർ 20നകം ഫ്ളാറ്റുകൾ പൊളിച്ചുമാറ്റണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. കേസിൽ ചീഫ് സെക്രട്ടറി ഹാജരാകണമെന്നും സുപ്രീംകോടതി നിർദേശിച്ചു.
ഫ്ളാറ്റുകൾ പൊളിച്ചു നീക്കാൻ വൈകിയതോടെ കോടതി സ്വമേധയാ കേസെടുത്താണ് വീണ്ടും ഫ്ളാറ്റുകൾ പൊളിക്കാൻ ഉത്തരവിട്ടത്. ജസ്റ്റീസ് അരുൺ മിശ്രയുടെ ബെഞ്ചിന്റേതാണ് ഉത്തരവ്.
മരടിലെ ഫ്ളാറ്റുകൾ പൊളിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടതിനെതിരേ ഫ്ളാറ്റുടമകൾ നൽകിയ ഹർജി നേരത്തെ കോടതി തള്ളിയിരുന്നു. തീരദേശ പരിപാലന നിയമം ലംഘിച്ചെന്നു കണ്ടെത്തിയതിനെ തുടർന്നായിരുന്നു കോടതി ഉത്തരവ്. ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജെയിൻ ഹൗസിംഗ്, കായലോരം അപ്പാർട്മെന്റ്, ആൽഫാ വെഞ്ചേഴ്സ് എന്നിവയ്ക്കെതിരേയാണ് നടപടി.
2006ൽ മരട് പഞ്ചായത്തായിരിക്കെ കോസ്റ്റൽ റെഗുലേറ്ററി സോണ്‍ (സിആർഇസഡ്) മൂന്നിൽ ഉൾപ്പെട്ട പ്രദേശത്താണ് കെട്ടിടങ്ങൾ നിർമിച്ചത്. പിന്നീട് മരട് മുനിസിപ്പാലിറ്റിയായി. നിലവിൽ ഫ്ളാറ്റുകൾ സ്ഥിതിചെയ്യുന്ന സ്ഥലം സിആർ സോണ്‍- രണ്ടിലാണെന്നും ഇവിടത്തെ നിർമാണങ്ങൾക്ക് തീരദേശ പരിപാലന അഥോറിറ്റിയുടെ അനുമതി ആവശ്യമില്ലെന്നുമായിരുന്നു ഫ്ളാറ്റുടമകളുടെ വാദം.