തൃശൂർ: മരട് ഇഫക്ട് തൃശൂരിലേക്കും. തൃശൂർ ജില്ലയിൽ തീരദേശപരിപാലന നിയമ ലംഘനം നടന്നിട്ടുള്ള എല്ലാ നിർമ്മാണപ്രവൃത്തികളുടെയും പട്ടിക തയ്യാറാക്കുന്നു. അനധികൃത നിർമ്മാണ പ്രവൃത്തികളുടെ ആദ്യ പട്ടിക ഈ മാസം 31 ന് സർക്കാരിന് സമർപ്പിക്കും. സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരമാണ് ഈ നടപടി.
ജില്ലാതലത്തിൽ രൂപീകരിച്ച തീരദേശ ജില്ലാതല കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം തീരദേശ പരിപാലന നിയമം ബാധകമായ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ തയ്യാറാക്കുന്ന ലിസ്റ്റ് പ്രകാരമാണ് ആദ്യത്തെ റിപ്പോർട്ട് സമർപ്പിക്കുക. ഇതിന്റെ ഭാഗമായി ഇന്ന് കലക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ രാവിലെ നടക്കുന്ന തീരദേശപരിപാലന ജില്ലാതല കമ്മിറ്റി യോഗത്തിൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളോട് മുഴുവൻ പട്ടികയും ഹാജരാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.
ആദ്യ പട്ടിക സമർപ്പിച്ചതിന് ശേഷം കൂടുതൽ അന്വേഷണം നടത്തി നവംബർ അവസാനത്തോടു കൂടി രണ്ടാമത്തെ റിപ്പോർട്ടും ഡിസംബർ 20ന് മൂന്നാമത്തെ വിശദമായ റിപ്പോർട്ടും സർക്കാരിലേക്ക് സമർപ്പിക്കും. സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരമാണ് സി.ആർ.ഇസെഡ് നോട്ടിഫിക്കേഷന്റെ ലംഘനം നടന്നിട്ടുള്ള പ്രവൃത്തികളുടെ ലിസ്റ്റ് തയ്യാറാക്കുന്നത്.
ജില്ലാ കലക്ടർ ചെയർമാനായും ജില്ലാ ടൗണ്‍ പ്ലാനർ കണ്‍വീനറായും തീരദേശ പരിപാലന നിയമം ബാധകമായ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ സെക്രട്ടറിമാർ, വില്ലേജ് ഓഫീസർമാർ,പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എന്നിവരുൾപ്പെടുന്ന തീരദേശ ജില്ലാതല പരിപാലന കമ്മിറ്റിക്കാണ് ഇതിന്റെ ചുമതല.
തീരദേശ പരിപാലന നിയമം നിലവിൽ വന്ന 1991 മുതലുള്ള നിർമ്മാണ പ്രവൃത്തികൾക്കാണ് ഈ നിയമം ബാധകമാവുക. ജില്ലയിൽ 28 ഗ്രാമപ്പഞ്ചായത്തുകളും മൂന്ന് മുനിസിപ്പാലിറ്റികളുമാണ് ഇതിന്റെ പരിധിയിൽ വരുന്നത്. കൊടുങ്ങല്ലൂർ, ഗുരുവായൂർ, ചാവക്കാട് നഗരസഭകൾക്കും, അന്തിക്കാട്, എടത്തിരുത്തി, എടവിലങ്ങ്, ഏങ്ങണ്ടിയൂർ, എറിയാട്, കടപ്പുറം, കയ്പംഗലം, കാട്ടൂർ, മാള, മണലൂർ, മതിലകം, മുല്ലശ്ശേരി, നാട്ടിക, ഒരുമനയൂർ, പടിയൂർ, പാവറട്ടി, പെരിഞ്ഞനം, പൊയ്യ, പുന്നയൂർ, പുന്നയൂർക്കുളം, പുത്തൻചിറ, ശ്രീനാരായണപുരം, തളിക്കുളം, താന്ന്യം, വലപ്പാട്, വെങ്കിടങ്ങ്, വെള്ളാങ്ങല്ലൂർ എന്നീ പഞ്ചായത്തുകൾക്കുമാണ് നിയമം ബാധകമാവുക.
ു