കാട്ടിക്കുളം: ഒരു കെട്ടിടം പണിയാനുള്ള ഹൈക്കോടതി അനുമതിക്കു മറവിൽ റിസോർട്ട് ലോബി നിർമിക്കുന്നത് കെട്ടിട സമുച്ചയം. തിരുനെല്ലി പഞ്ചായത്തിലെ പരിസ്ഥിതിലോല പ്രദേശമായ തൃശിലേരി മുത്തുമാരി നരിനിരങ്ങിമലയിലാണ് നഗ്നമായ നിയമലംഘനം. അനധികൃത നിർമാണങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടും അധികൃതർ കണ്ണടയ്ക്കുകയാണ്.
നരിനിരങ്ങിമലയിൽ ഒരു കെട്ടിടം നിർമിക്കാൻ തൃശൂർ കേച്ചേരി പണയംപറന്പിൽ അനിൽകുമാറിനു(നാലുകെട്ട് ഹോട്ടൽ ആൻഡ് റിസോർട്ട്, മുത്തുമാരി) 2014 ജനുവരി 24ന് തിരുനെല്ലി പഞ്ചായത്ത് അനുമതി നൽകിയിരുന്നു. എന്നാൽ നിർമാണം മലമുകളിലെ പാറകൾ ഇളക്കിമാറ്റിയും മലയിടിച്ചുമാണെന്നു കണ്ട് പഞ്ചായത്ത് തടഞ്ഞു.
ഇതിനെതിരെ അനിൽകുമാർ നൽകിയ ഹർജിയിൽ ഒരു കെട്ടിടം നിർമിക്കുന്നതിന് ഹൈക്കോടതി അനുമതി നൽകി. ഇത് മറയാക്കിയാണ് കൂടുതൽ കെട്ടിടങ്ങൾ പണിതത്. നിയമങ്ങൾ കാറ്റിൽ പറത്തിയുള്ള നിർമാണങ്ങൾക്കു തടയിടാൻ ഉത്തരവാദപ്പെട്ടവർ തയാറായില്ല.
നിയമലംഘനത്തിനെതിരെ പ്രദേശവാസികളിൽ ചിലർ ശബ്ദമുയർത്തിയ സാഹചര്യത്തിൽ രണ്ടാഴ്ച മുന്പ് അനിൽകുമാറിനു പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് മെമ്മോ നൽകിയെങ്കിലും ഫലം ഉണ്ടായില്ല. മെമ്മോ അവഗണിച്ച അനിൽകുമാർ വേറെയും നിർമാണം നടത്തുകയാണുണ്ടായത്.
ഇക്കാര്യത്തിലും റിസോർട്ടിലേക്ക് റോഡ് നിർമിച്ചപ്പോൾ മരങ്ങൾ വെട്ടി മണ്ണിൽ പൂഴ്ത്തിയെന്ന ആരോപണത്തിലും സമഗ്രാന്വേഷണം ആവശ്യപ്പെട്ട് പ്രദേശവാസികൾ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും ഉന്നത ഉദ്യോഗസ്ഥർക്കും പരാതി അയച്ചിട്ടുണ്ട്.
.