കൊച്ചി:സുപ്രീംകോടതി ഉത്തരവനുസരിച്ചു മരടിലെ ഫ്ളാറ്റുകൾ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ ഞായറാഴ്ച ആരംഭിക്കുമെന്നു ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു. ഇതേതുടർന്നു മരടിലെ ഫ്ളാറ്റുകളിൽനിന്നു താമസക്കാരിൽ ചിലർ ശനിയാഴ്ച സ്വയം ഒഴിഞ്ഞുപോയി തുടങ്ങി. നെട്ടൂരിലെ ആൽഫാ കസറിൻ ഫ്ളാറ്റിലെ താമസക്കാരിൽ ഏതാനും പേരാണു തങ്ങളുടെ സാധനസാമഗ്രികൾ വാഹനങ്ങളിൽ കയറ്റിക്കൊണ്ടുപോയത്.
അതേസമയം തങ്ങൾ മുന്നോട്ടുവച്ച നിബന്ധനകൾ അംഗീകരിക്കും വരെ ഒഴിഞ്ഞുപോവില്ലെന്നു മരട് ഭവനസംരക്ഷണ സമിതി ഭാരവാഹികൾ പറഞ്ഞു. ഫ്ളാറ്റുകൾ ഒഴിയുന്പോൾ എല്ലാ സൗകര്യമുള്ള താമസസൗകര്യം പകരം ലഭിക്കണം. നഷ്ടപരിഹാരമായി ന്യായമായ തുകയും കിട്ടണം. ഒഴിഞ്ഞുപോവാൻ കൂടുതൽ സമയം അനുവദിക്കണം. ഇക്കാര്യങ്ങൾ അംഗീകരിക്കാത്തപക്ഷം ഒഴിഞ്ഞുപോകില്ല. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഞായറാഴ്ച രാവിലെ മുതൽ അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
ഒഴിഞ്ഞുപോകുന്ന ഉടമകൾക്കു ബദൽ താമസസൗകര്യം ഒരുക്കുന്നതിനു സർക്കാർ നടപടി തുടങ്ങിക്കഴിഞ്ഞെന്നും ഒഴിഞ്ഞു പോകുന്നവർക്ക് ആവശ്യമായ എല്ലാ സഹായവും നൽകുമെന്നും സബ് കളക്ടർ സ്നേഹിൽ കുമാർ സിംഗ് അറിയിച്ചു. ഫ്ളാറ്റുകൾ പൊളിക്കുന്നതിനു സുപ്രീം കോടതിയിൽ സമർപ്പിച്ച കർമപദ്ധതിയിൽ ഞായറാഴ്ച മുതൽ താമസക്കാരെ ഒഴിപ്പിക്കുമെന്നു വ്യക്തമാക്കിയിരുന്നു. ഒക്ടോബർ മൂന്നിനകം മുഴുവൻ താമസക്കാരെയും ഒഴിപ്പിക്കും.
ഒക്ടോബർ 11-നാണ് പൊളിക്കൽ നടപടികൾ തുടങ്ങേണ്ടത്. പൊളിക്കലിനു മേൽനോട്ടം വഹിക്കുന്ന സബ് കളക്ടറെ സഹായിക്കാൻ മുനിസിപ്പൽ എൻജിനീയർമാർ ഉൾപ്പെടുന്ന എട്ടംഗ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ സംവിധാനങ്ങൾക്കും മറ്റുമായി സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ പോലീസ് സന്നാഹവും തയാറാക്കും.
നിയന്ത്രിത സ്ഫോടനത്തിലൂടെ നാല് ഫ്ളാറ്റുകളും പൊളി ക്കാനാണ് ഇപ്പോൾ തീരുമാനം. ക്രെയിൻ ഉപയോഗിച്ച് ഘട്ടംഘട്ടമായി പൊളിക്കാനായിരുന്നു നേരത്തെ ആലോചന.
ഫ്ളാറ്റ് നിർമാതാക്കളുടെ സ്വത്ത് കണ്ടുകെട്ടുന്നതിനുള്ള നടപടി തുടങ്ങി. അവരുടെ അക്കൗണ്ടുകൾ മരവിപ്പിക്കാൻ ബാങ്കുകൾക്കു നിർദേശം നൽകിയിട്ടുണ്ട്. സർക്കാർ തയാറാക്കി കോടതിയിൽ കൊടുത്തിരിക്കുന്ന കർമപദ്ധതി അനുസരിച്ചുതന്നെയായിരിക്കും മുന്നോട്ടുപോകുക.
ഫ്ളാറ്റ് ഉടമകൾക്കു നാലാഴ്ചയ്ക്കുള്ളിൽ നഷ്ടപരിഹാരം നൽകാനാണു സുപ്രീംകോടതി ഉത്തരവുള്ളത്. കോടതി നിർദേശിച്ച പ്രകാരമുള്ള നഷ്ടപരിഹാരം സമയബന്ധിതമായി നൽകുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. ഫ്ളാറ്റുടമകൾക്ക് 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാനാണു സുപ്രീംകോടതി ഉത്തരവ്. ഒക്ടോബർ 11-നു കെട്ടിടം പൊളിക്കാനുള്ള നടപടികൾ തുടങ്ങുമെന്നും ഇതിനായി 100 കോടി രൂപ വരെ ചെലവ് പ്രതീക്ഷിക്കുന്നതായും ചീഫ് സെക്രട്ടറി സുപ്രീംകോടതിയെ അറിയിച്ചിരുന്നു.