കൊച്ചി: നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ച മരടിലെ ഫ്ളാറ്റുകളിലെ കോണ്ക്രീറ്റ് അവശിഷ്ടങ്ങൾ നീക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുന്നതിനിടെ സ്ഥലത്ത് സിസിടിവി കാമറകൾ സ്ഥാപിക്കണമെന്ന് ഉൾപ്പെടെ വിവിധ നിർദേശങ്ങളുമായി ദേശീയ ഹരിത ട്രിബ്യൂണൽ.
മാലിന്യം നീക്കുന്പോൾ പ്രദേശവാസികൾക്ക് പൊടിശല്യം അനുഭവപ്പെടാതിരിക്കാനായി നാലു വശങ്ങളിലും 35 അടി ഉയരത്തിൽ ചുറ്റും കെട്ടിമറയ്ക്കുക, കോണ്ക്രീറ്റ് അവശിഷ്ടങ്ങൾ വേർതിരിക്കുന്നത് മുന്പ് മാലിന്യങ്ങളിൽ സ്പ്രിംഗ്ളർ ഉപയോഗിച്ച് വെള്ളം ചീറ്റിക്കുക, പന്പ് ചെയ്യുന്ന വെള്ളം കായലിലേക്ക് തിരികെ എത്താതിരിക്കാൻ നടപടിയടുക്കുക, കോണ്ക്രീറ്റ് അവശിഷ്ടങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾ കൃത്യമായി മൂടുക, കൊണ്ടുപോകുന്ന സമയത്ത് ഇതിനോട് ചേർന്നുള്ള റോഡുകൾ നനയ്ക്കുക, മലിനീകരണ നിയന്ത്രണ ബോർഡിന്റെ പരിശോധന കാര്യക്ഷമമാക്കാൻ സിസിടിവി കാമറകൾ സ്ഥാപിക്കുക തുടങ്ങിയ നിർദേശങ്ങളാണ് അധികൃതർ നൽകിയിട്ടുള്ളത്.
മരടിലെ ഫ്ളാറ്റുകളിലെ കോണ്ക്രീറ്റ് അവശിഷ്ടങ്ങൾ നീക്കുന്ന പ്രവൃത്തികൾ മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്ന് ദേശീയ ഹരിത ട്രിബ്യൂണൽ സംസ്ഥാന നിരീക്ഷകസമിതി ചെയർമാൻ ജസ്റ്റീസ് എ.വി. രാമകൃഷ്ണപിള്ള വ്യക്തമാക്കി. മാലിന്യനീക്കവുമായി ബന്ധപ്പെട്ട് നടക്കുന്ന ജോലിളുടെ പുരോഗതി വിലയിരുത്തുന്നതിനായി രൂപീകരിച്ച സംയുക്ത കമ്മിറ്റിയുടെ ആദ്യയോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദേഹം.
മാലിന്യനീക്കം നടക്കുന്ന സ്ഥലങ്ങളിൽ 18ന് പരിശോധന നടത്തിയിരുന്നു. 24ന് തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന നിരീക്ഷക സമിതി യോഗത്തിൽ മലിനീകരണം ഒഴിവാക്കാൻ മരട് നഗരസഭയ്ക്ക് വ്യക്തമായ നിർദേശങ്ങൾ നൽകുകയുമുണ്ടായി. അതിൽ ഭൂരിഭാഗവും പാലിച്ചിട്ടില്ലെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.
ഈ സാഹചര്യത്തിൽ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ നഗരസഭയ്ക്ക് നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും ജസ്റ്റീസ് പറഞ്ഞു. കെട്ടിടാവശിഷ്ടങ്ങൾ 45 ദിവസത്തിനകം നീക്കണമെന്നാണ് സുപ്രീംകോടതിയുടെ നിർദേശം. എന്നാൽ കോണ്ക്രീറ്റ് മാലിന്യങ്ങൾ വേർതിരിക്കുന്നത് പൂർത്തിയായാൽ 70 ദിവസത്തിനകം മാലിന്യം നീക്കം ചെയ്യാമെന്നാണ് കരാറെടുത്തിട്ടുള്ളവർ പറയുന്നത്. ഇത്രയും നീണ്ട അവധി നൽകാനാവില്ല.
എത്ര ദിവസത്തിനകം മാലിന്യം നീക്കാൻ കഴിയുമെന്നത് കാണിച്ച് ജില്ലാ കളക്ടർ, സബ് കളക്ടർ, മരട് നഗരസഭാ സെക്രട്ടറി എന്നിവർക്ക് കത്ത് നൽകണം. മാലിന്യനീക്കം സംബന്ധിച്ച വ്യക്തമായ കർമപദ്ധതി കരാറുകാർ തയാറാക്കി നഗരസഭയെ ഏൽപിച്ചിട്ടുണ്ട്. ഇത് മലിനീകരണ നിയന്ത്രണ ബോർഡ് പരിശോധിച്ച് അനന്തരനടപടി സ്വീകരിക്കും.
രാത്രികാലങ്ങളിൽ പല ലോഡുകളും കൃത്യമായി മൂടാതെയാണ് കൊണ്ടുപോകുന്നത്. ഇത് കണ്ടെത്താൻ പോലീസിനെ ജാഗരൂഗരാക്കണമെന്ന് ജില്ലാ ഭരണകൂടത്തെ അറിയിച്ചിട്ടുണ്ട്. കോണ്ക്രീറ്റ് മാലിന്യങ്ങൾ അനധികൃതമായി ഭൂമി നികത്തുന്നതിന് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം.
എത്ര ടണ് മാലിന്യം കൊണ്ടു പോകുന്നുണ്ടെന്നും അത് ശേഖരിക്കുന്ന സ്ഥലത്ത് കൃത്യമായി എത്തുന്നുണ്ടോയെന്നും ഉറപ്പുവരുത്തണം. നിലവിൽ ക്രഷറിലേക്ക് മാലിന്യങ്ങൾ കൊണ്ടുപോയി പൊടിച്ച് മണലും തറയോടും ഹോളാ ബ്രിക്കുകളും ഉണ്ടാക്കുകയാണ്. മാലിന്യനീക്കം പുരോഗമിക്കുന്ന ഗോൾഡൻ കായലോരത്ത് പന്പ് ചെയ്യുന്ന വെള്ളം തിരികെ കായലിലെത്തി മത്സ്യങ്ങൾക്ക് ഭീഷണിയുണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്.
മാലിന്യം മീനുകളുടെ ചെകിളയിൽ അടിഞ്ഞു കൂടി അവയുടെ പ്രജനനത്തെ ബാധിക്കും. ഈ സാഹചര്യം കണക്കിലെടുത്ത് പൊടി ശമിപ്പിക്കുന്നതിനായി പന്പ് ചെയ്യുന്ന വെള്ളം തിരികെ കായലിലേക്ക് ഒഴുക്കിക്കളയേണ്ട സഹചര്യമുണ്ടായാൽ വെള്ളം ടാങ്കിൽ ശേഖരിച്ച് ശുദ്ധീകരിച്ചശേഷം വേണമെന്നും അദേഹം പറഞ്ഞു.
മാലിന്യനീക്കം നടക്കുന്ന നാല് ഫ്ലാറ്റുകളും ജസ്റ്റീസ് സന്ദർശിച്ചു. എറണാകുളം ഗസ്റ്റ്ഹൗസിൽ ചേർന്ന യോഗത്തിൽ സബ് കളക്ടർ സ്നേഹിൽ കുമാർസിംഗ്, മലിനീകരണ നിയന്ത്രണ ബോർഡ് ചീഫ് എൻവയോണ്മെന്റൽ എൻജിനിയർ എം.എ. ബൈജു, മരട് നഗരസഭാ സെക്രട്ടറി മുഹമ്മദ് ആരിഫ് ഖാൻ, മാലിന്യം നീക്കാൻ കരാറെടുത്ത പ്രോംപ്റ്റ് എന്റർപ്രൈസസ് പാർട്ണർമാരിലൊരാളായ അച്യുത് ജോസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.