കൊച്ചി: മരടിലെ വിവാദ ഫ്ളാറ്റുകള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കുന്നതിനുള്ള തീയതി തിങ്കളാഴ്ച നിശ്ചയിക്കും. കൊച്ചിയില്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേരുന്ന ഉന്നതാധികാര സമിതി ഇത് സംബന്ധിച്ച് തീരുമാനം എടുക്കും.
ഇന്‍ഡോറില്‍ നിന്നുള്ള നിയന്ത്രിത സ്ഫോടന വിദഗ്ധന്‍ എസ്ബി സര്‍വാതെ, എറണാകുളം ജില്ലാ കളക്ടർ, കമ്മിഷണർ, പൊളിക്കല്‍ ചുമതലയേറ്റെടുത്ത കമ്പനി പ്രതിനിധികൾ, സാങ്കേതിക സമിതി അംഗങ്ങള്‍ അടക്കമുള്ളവരും റവന്യു ടവറില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും. ഫ്ളാറ്റ് പൊളിച്ച് നീക്കാന്‍ ചുമതലയേറ്റെടുത്ത കമ്പനികള്‍ കഴിഞ്ഞ ദിവസം സാങ്കേതിക സമിതിക്ക് ബ്ലാസ്റ്റിംഗ് റിപ്പോര്‍ട്ട് കൈമാറിയിരുന്നു. ഇത് അനുസരിച്ചുള്ള തുടര്‍നടപടികള്‍ ആലോചിക്കുന്നതിനാണ് ചീഫ് സെക്രട്ടറി ഉന്നതതല യോഗം വിളിച്ചിരിക്കുന്നത്.
ഡിസംബര്‍ അവസാനമോ ജനുവരി ആദ്യ വാരമോ ഫ്ളാറ്റുകള്‍ പൊളിക്കാന്‍ തുടങ്ങുമെന്നാണ് വിവരം. അതേസമയം, ഫ്ളാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ യോഗങ്ങളില്‍ പല അഭിപ്രായങ്ങളം ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള യോഗമാണ് അന്തിമ തീരുമാനമെടുക്കുക.