കൊച്ചി: അനധികൃത നിർമാണത്തിന്റെ പേരിൽ കൊച്ചി മരടിൽ പൊളിച്ചുനീക്കാൻ സുപ്രീം കോടതി ഉത്തരവിട്ട ഫ്ളാറ്റ് സമുച്ചയങ്ങളുടെ ഉടമകൾ പുനപരിശോധന ഹർജി നൽകാനൊരുങ്ങുന്നു. ഇന്നലെ വൈകിട്ട് ഗോൾഡൻ കായലോരം ഫ്ലാറ്റിൽ താമസിക്കുന്ന കുടുംബങ്ങൾ ഉൾപ്പെടുന്ന അസോസിയേഷന്റെ യോഗം ചേർന്നാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. വിധി വിശദമായി പഠിച്ചശേഷം പുനഃപരിശോധന ഹർജി നൽകാനാണു തീരുമാനം.
വിധി ലഭിക്കുന്ന മുറയ്ക്കാകും ഇതുസംബന്ധിച്ച അന്തിമതീരുമാനം എടുക്കുകയെന്നും അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കി. കുണ്ടന്നൂർ ഹോളി ഫെയ്ത്ത് അപ്പാർട്ട്മെൻറ്, ഗോൾഡൻ കായലോരം, നെട്ടൂർ ആൽഫാ വെഞ്ചേഴ്സ്, ജെയ്ൻ കോറൽ കോവ് എന്നീ ഫ്ലാറ്റുകളാണു കോടതി ഉത്തരവ് പ്രകാരം ഒരു മാസത്തിനകം പൊളിച്ചു നീക്കേണ്ടത്.
തീരദേശ ചട്ടം ലംഘിച്ചെന്നു സുപ്രീംകോടതി കണ്ടെത്തിയ അഞ്ചാമത്തെ സമുച്ചയമായ ഹോളിഡേ ഹെറിറ്റേജിനു നഗരസഭ സ്റ്റോപ്പ് മെമ്മോ നൽകിയതിനാൽ ഇതുവരെ പണി തുടങ്ങിയിട്ടില്ല. മറ്റ് ഫ്ലാറ്റുകളിലായി മുന്നൂറോളം കുടുംബങ്ങളാണ് താമസിച്ചുവരുന്നത്. ഹോളി ഫെയ്ത്ത് അപ്പാർട്ട്മെൻറിലും നെട്ടൂർ ആൽഫാ വെഞ്ചേഴ്സിലും നൂറോളം കുടുംബങ്ങൾ വീതം താമസിക്കുന്നു. ഗോൾഡൻ കായലോരത്തും ജെയ്ൻ കോറൽ കോവിലുമായാണു ബാക്കി കുടുംബങ്ങളുള്ളത്. വിധി വന്നതിന്റെ അന്പരപ്പിലും ആശങ്കയിലുമാണു വീട്ടുകാർ.
നെട്ടൂർ കായൽ തീരത്തുനിന്നു മീറ്ററുകൾ മാത്രം ദൂരത്തിലാണു ജെയ്ൻ കോറൽ കോവ്. കുണ്ടന്നൂർ ജംഗ്ഷനിൽനിന്ന് 200 മീറ്റർ ദൂരത്തിൽ കുണ്ടന്നൂർ ഹോളി ഫെയ്ത്ത് അപ്പാർട്ട്മെൻറ് സ്ഥിതിചെയ്യുന്നു. ഈ പാർപ്പിട സമുച്ചയത്തിൽ ഒരു അപ്പാർട്ട്മെന്റിന് ഒരു കോടി മുതൽ മൂന്നു കോടി രൂപവരെയായിരുന്നു വില. നെട്ടൂരിൽ കുണ്ടന്നൂരിലേക്കുള്ള കടത്തുകടവിനു സമീപം ഒരേക്കർ സ്ഥലത്തു 10 നിലകൾ വീതം രണ്ട് സമുച്ചയങ്ങളിലായിട്ടാണ് ആൽഫാ വെഞ്ചേഴ്സ്.
കായൽ തീരത്തുനിന്നു 10 മീറ്റർ ദൂരത്തിലാണ് ഇവ നിർമിച്ചിട്ടുള്ളത്. കൊച്ചി ബൈപ്പാസിൽനിന്നു പടിഞ്ഞാറോട്ടുമാറി ചന്പക്കര കനാൽ തീരത്താണു ഗോൾഡൻ കായലോരം ഫ്ലാറ്റ്. ലക്ഷങ്ങൾ മുടക്കിയാണു പലരും ഇവിടെ അപ്പാർട്ട്മെൻറ് വാങ്ങിയത്. സിനിമാ മേഖലയിൽനിന്നടക്കമുള്ള പ്രമുഖരും വിദേശ മലയാളികളുമാണ് ഈ ഫ്ലാറ്റുകളിൽ താമസിക്കുന്നവരിലേറെയും. ഫ്ലാറ്റുകളുടെ നിർമാണഘട്ടത്തിൽ മുൻകൂർ പണം നൽകിയവരും നിർമാണശേഷം വാങ്ങിയവരുമെല്ലാം താമസക്കാരായുണ്ട്.
നിർമാണ അനുമതി വാങ്ങിയത് 2006-2007 കാലഘട്ടത്തിലെന്ന്
കൊച്ചി: പൊളിച്ചുനീക്കാൻ സുപ്രീം കോടതി ഉത്തരവിട്ട ഫ്ലാറ്റ് സമുച്ചയങ്ങൾക്കു നിർമാണ അനുമതി വാങ്ങിയത് 20062007 കാലഘട്ടത്തിലെന്നു മരട് നഗരസഭയുടെ പ്രഥമ ചെയർമാൻ അഡ്വ. ടി.കെ. ദേവരാജൻ. മരട് പഞ്ചായത്തായിരുന്ന കാലഘട്ടത്തിലാണ് അനുമതികൾ ലഭിച്ചത്. പിന്നീടാണ് മരട് നഗരസഭയുടെ രൂപീകരണമുണ്ടായത്.
നിർമാണം പുരോഗമിക്കുന്നതിനിടെ നഗരസഭയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലും തദ്ദേശ സ്വയംഭരണ വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിലും നിർമാണാനുമതി അനധികൃതമായാണു നൽകിയതെന്നു കണ്ടെത്തി. തുടർന്നു കെട്ടിടങ്ങൾക്ക് നൽകിയ നിർമാണാനുമതി പിൻവലിക്കാനും പണി നിർത്തിവയ്ക്കാനും കെട്ടിടം പൊളിച്ചുനീക്കാനും നഗരസഭ നോട്ടീസ് നൽകി. ഇതിനെതിരേ കെട്ടിട നിർമാതാക്കൾ ഹൈക്കോടതിയെ സമീപിച്ച് അനുകൂലവിധി സന്പാദിച്ചു.
വിവിധ കാര്യങ്ങൾ ചൂണ്ടിക്കാട്ടി നഗരസഭ പിന്നീട് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചെങ്കിലും വിധി അനുകൂലമായിരുന്നില്ലെന്നും ദേവരാജൻ പറഞ്ഞു. ആദ്യം നിർമാണാനുമതി നൽകുകയും നിർമാണം നടന്നുവരുന്നതിനിടെ ജോലികൾ തടയുകയും ചെയ്തത് നഗരസഭയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയുടെ ഫലമാണെന്നായിരുണു ഡിവിഷൻ ബഞ്ചിന്റെ നിരീക്ഷണം.
ഇതിനോടകംതന്നെ വൻതുക മുടക്കി ഉടമകൾ കെട്ടിട സമുച്ചയങ്ങളുടെ നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കിയിരുന്നു. ഹൈക്കോടതി വിധിക്കെതിരേ സംസ്ഥാന തീരദേശ പരിപാലന അഥോറിട്ടിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇതിൽ മരട് നഗരസഭ കക്ഷി ചേർന്നിരുന്നതായും ആദ്യം അനധികൃതമായി കെട്ടിട നിർമാണാനുമതി നൽകിയതാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമായതെന്നും ടി.കെ. ദേവരാജൻ വ്യക്തമാക്കുന്നു. ഹൈക്കോടതി ഉത്തരവിനുശേഷം വിൽപന നടത്തിയ അപ്പാർട്ട്മെന്റുകളും ഇവയിലുണ്ട്.
ഫ്ലാറ്റ് സമുച്ചയങ്ങൾക്കു നിർമാണ അനുമതി ലഭിച്ച 20062007 കാലഘട്ടത്തിൽ മരട് പഞ്ചായത്ത് ഭരിച്ചിരുന്നത് എൽഡിഎഫ് ഭരണസമിതിയാണ്. സംസ്ഥാന ഭരണവും അന്ന് എൽഡിഎഫിനായിരുന്നു. കോടതി വിധിയോടെ ഇടതിന്റെ അഴിമതി ഭരണം പുറത്തായതായി യുഡിഎഫ് ആരോപിച്ചു. മരട് നഗരസഭയായശേഷം യുഡിഎഫ് ആണ് ഇപ്പോൾ ഭരണത്തിൽ.
ഉത്തരവ് സ്വാഗതം ചെയ്യുന്നു: മരട് നഗരസഭ
കൊച്ചി: മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ചുനീക്കണമെന്ന സുപ്രീംകോടതിയുടെ ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായി മരട് നഗരസഭാ സെക്രട്ടറി പി.കെ. സുഭാഷ്. കോടതി വിധിയുടെ പകർപ്പ് ഇതുവരെ ലഭിച്ചിട്ടില്ല. വിധിയുടെ പശ്ചാത്തലത്തിൽ നഗരസഭയുടെ ഭഗത്തുനിന്നു ചെയ്യേണ്ട കാര്യങ്ങളുണ്ടെങ്കിൽ കാലതാമസം കൂടാതെ ചെയ്യും.
അനധികൃതമായി നിർമിച്ച ഫ്ലാറ്റുകൾ പൊളിച്ചുനീക്കുന്നതിന് ഉടമയ്ക്ക് നോട്ടീസ് നൽകുന്നതു പോലുള്ള നടപടികൾ സാധാരണനിലയിൽ നഗരസഭാ മുഖേനയാണു ചെയ്യുക. വിധി പകർപ്പ് ലഭിക്കാത്തതിനാൽ ഇത്തരം കാര്യങ്ങളിൽ വ്യക്തത വന്നിട്ടില്ല. വരുംദിവസങ്ങളിൽ ഇക്കാര്യങ്ങൾ പരിശോധിക്കും. നിയമോപദേശ പ്രകാരം നഗരസഭയുടെ ഭാഗത്തുനിന്നു ചെയ്യേണ്ട കാര്യങ്ങൾ വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.