കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമിച്ചതിന്റെ പേരിൽ സുപ്രീംകോടതി പൊളിച്ചുനീക്കാൻ നിർദേശിച്ച മരടിലെ അഞ്ച് ഫ്ലാറ്റ് സമുച്ചയങ്ങളില്‍ വിദഗ്ധ സംഘം പരിശോധന നടത്തി. ഫ്ലാറ്റുകള്‍ പൊളിക്കേണ്ട സാഹചര്യമുണ്ടായാല്‍ അത് പരിസ്ഥിതിയെ എങ്ങിനെ ബാധിക്കുമെന്നു വിലയിരുത്തുന്നതിനായാണ് ചെന്നൈ ഐഐടിയിൽനിന്നുള്ള വിദഗ്ധ സംഘം ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജയിന് ഹൗസിംഗ്, കായലോരം അപ്പാര്‍ട്ട്മെന്റ്, ആല്‍ഫ വെഞ്ച്വേഴ്സ് എന്നീ ഫ്ലാറ്റുകളിലെത്തിയത്.
ഇന്നു രാവിലെ 10.30 ഓടെ എത്തിയ സംഘത്തോടൊപ്പം മരട് മുന്‍സിപ്പാലിയിലെ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. അഞ്ച് ഫ്ലാറ്റുകളുടെ പ്ലാനടക്കം വിദഗ്ധ സംഘം ശേഖരിച്ചിട്ടുണ്ട്. പരിശോധന പൂര്‍ത്തിയാക്കി ഐഐടി സംഘം എറണാകുളം ഗസ്റ്റ് ഹൗസില്‍ യോഗം ചേര്‍ന്നു. സര്‍ക്കാര്‍ പ്രതിനിധികളും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കുന്നതായാണ് സൂചന.
നിലവിൽ ഫ്ലാറ്റ് സമുച്ചയം പൊളിക്കണമെന്ന സുപ്രീംകോടതി ഉത്തരവിന് താത്ക്കാലിക സ്റ്റേ ലഭിച്ചിട്ടുണ്ട്. ഫ്ലാറ്റിലെ താമസക്കാര്‍ നല്കിയ റിട്ട് ഹര്‍ജിയില്‍ സുപ്രീംകോടതി അവധിക്കാല ബെഞ്ചിന്റേതാണ് ഉത്തരവ്. ആറ് ആഴ്ചത്തേക്ക് തല്‍സ്ഥിതി തുടരാനാണ് സുപ്രീംകോടതിയുടെ ഉത്തരവില്‍ പറയുന്നത്. ഫ്ലാറ്റ് പൊളിക്കണമെന്ന ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് 32 താമസക്കാരാണ് കോടതിയെ സമീപിച്ചത്.