പത്തനംതിട്ട: അനധികൃതമായി നിർമിച്ച ഫ്ളാറ്റുകൾ നിലംപതിക്കുന്പോൾ ആരും വിതുന്പേണ്ട കാര്യമില്ലെന്നു മന്ത്രി ജി.സുധാകരൻ. നിയമവിരുദ്ധമായി എന്തു നിർമിച്ചാലും അതു പൊളിക്കേണ്ടിവരുമെന്നും മന്ത്രി വ്യക്തമാക്കി.
ഫ്ളാറ്റുകൾ പൊളിക്കുന്ന വാർത്ത ചിലർ അവതരിപ്പിച്ചതു വിതുന്പുന്ന പോലെയാണ്. എന്തിനാണെന്നു മനസിലാവുന്നില്ല. ഈ ഫ്ളാറ്റുകൾക്ക് അനുമതി നൽകിയതിലൂടെ കോടിക്കണക്കിനു രൂപയുടെ അഴിമതിയാണു നടന്നിട്ടുള്ളത്. കുറ്റക്കാരെയെല്ലാം പിടിക്കണമെന്നും മന്ത്രി പറഞ്ഞു.
30 വർഷം തകരാർ വരാത്തനിലയിൽ റോഡുകൾ നിർമിക്കുന്നതിനാണ് സർക്കാർ ഇപ്പോൾ ശ്രമിക്കുന്നത്. ജോലികൾ ഏറ്റെടുക്കില്ലെന്നു പറഞ്ഞു കരാറുകാർ ഈ സർക്കാരിനെ വെല്ലുവിളിക്കേണ്ട. വേണ്ടിവന്നാൽ അവരുടെ ലൈസൻസ് റദ്ദാക്കുമെന്നും മന്ത്രി മുന്നറിയിപ്പു നൽകി.