തത്തമംഗലം: കനത്തമഴയെ തുടർന്നു വെള്ളപ്പനയിൽ ഓലക്കുടിലിൽ താമസിക്കുന്ന വീട്ടമ്മമാർ ദുരിതത്തിലായി.
ചോർച്ചയുള്ള വീടുകളിൽ കഴിയുന്നതു ദുഷ്കരമാണെന്നു ചൂണ്ടിക്കാട്ടി തത്തമംഗലം നഗരസഭാ ചെയർമാൻ കെ.മധുവിനു വീട്ടമ്മമാർ പരാതി നല്കി.
ലൈഫ് പദ്ധതിയിൽ പ്ലാറ്റുകൾ നിർമിച്ചുനല്‍കുമെന്ന ഉറപ്പിന്മേലാണ് വൈദ്യുതി, കുടിവെള്ളം, ഇതര സൗകര്യങ്ങളോടെ വീടുകളിൽ 22 വർഷമായി കഴിഞ്ഞിരുന്ന പതിനാലു കുടുംബങ്ങളെ കുടിയൊഴിപ്പിച്ചത്. നിലവിൽ പ്രദേശത്തെ സ്വകാര്യവ്യക്തിയുടെ വയലിൽ താത്കാലിക കുടിലുകൾ കെട്ടിയാണ് ഇവർ കഴിയുന്നത്.
കഴിഞ്ഞ രണ്ടുമാസങ്ങളിലായി പെയ്ത കനത്തമഴയെ തുടർന്ന് ഓലക്കുടിലുകൾ ചോർന്നൊലിച്ചു രാത്രികാലത്ത് ഉറങ്ങാൻപോലും കഴിയാത്ത സ്ഥിതിയാണ്. വൈദ്യുതിയില്ലാത്തതിനാൽ കുട്ടികൾക്കു പഠിക്കാനും കഴിയുന്നില്ല. വീടുകളിലേക്ക് വിഷപാന്പുകൾ കയറുന്നതും പതിവാണെന്ന് വീട്ടമ്മമാർ പറഞ്ഞു.
ഓലക്കുടിലിൽ കഴിയുന്നതിനിടെ ഷക്കീലയുടെ ഭർത്താവ് പനിബാധിച്ചു കഴിഞ്ഞവർഷം മരണമടഞ്ഞിരുന്നു. കൂടാതെ കുടിലിൽ കഴിഞ്ഞിരുന്ന ഒരു വൃദ്ധയ്ക്ക് മൂന്നുതവണ പാന്പിന്റെ കടിയുമേറ്റു.ഫ്ളാറ്റുകൾ നല്കുന്നില്ലെങ്കിൽ തങ്ങൾ നേരത്തെ കുടിൽകെട്ടി കഴിഞ്ഞ സ്ഥലത്ത് വീടുകൾ നിർമിച്ചു നല്‍കണമെന്നു വീട്ടമ്മമാർ നഗരസഭാ ചെയർമാനോട് ആവശ്യപ്പെട്ടു.
നിലവിലുള്ള കുടിലുകൾക്കുസമീപം സോളാർ വിളക്കുകൾ സ്ഥാപിക്കുമെന്നും തുടർനടപടികൾ സ്വീകരിക്കുമെന്നും ചെയർമാൻ ഉറപ്പുനല്‍കി.