കൊച്ചി: നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്ത മരടിലെ ഫ്ളാറ്റ് കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ ബുധനാഴ്ച്ച മുതൽ നീക്കിത്തുടങ്ങുമെന്ന് കരാർ സ്ഥാപനമായ ആലുവയിലെ പ്രോംപറ്റ് എന്റർപ്രൈസസ് അറിയിച്ചു. അതിനു മുന്നോടിയായുള്ള പ്രാഥമിക നടപടികൾ ഇന്നും നാളെയുമായി പൂർത്തിയാക്കും. 70 ദിവസത്തിനുള്ളിൽ നാല് ഫ്ളാറ്റ് സമുച്ചയങ്ങളുടെയും അവശിഷ്ടങ്ങൾ നീക്കം ചെയ്യും.
നാലു നില കെട്ടിടത്തിന്റെ ഉയരത്തിലാണ് അവശിഷ്ടങ്ങൾ കുന്നുകൂടി കിടക്കുന്നത്. കോണ്‍ക്രീറ്റ് ബീമുകളും കന്പികളും കോണ്‍ക്രീറ്റ് പൊടിയുമൊക്കെയായി 76.350 ടണ്‍ മാലിന്യമുണ്ട്. ഏകദേശം ഇരുപതിനായിരം ടണ്‍ കോണ്‍ക്രീറ്റ് മാലിന്യമാകും ഒരു ഫ്ളാറ്റിൽ നിന്നു മാത്രം ഉണ്ടാകുക. കോണ്‍ക്രീറ്റ് ബീമുകളിൽ നിന്നു കന്പി വേർതിരിച്ച ശേഷം ഇവ നീക്കും. കോണ്‍ക്രീറ്റ് കന്പി വേർതിരിക്കുന്നതിന് മാത്രം 45 ദിവസമെടുക്കും.
കുണ്ടന്നൂർ കായലിലേക്കു വീണ ആൽഫ സെറീന്റെ ആറു നിലയുടെ അവശിഷ്ടങ്ങൾ സ്ഫോടന കരാർ എറ്റെടുത്ത വിജയ സ്റ്റീൽസ് എന്ന കന്പനി തന്നെ കരയിലെടുത്തിടും. പൊടിച്ച ഫ്ളാറ്റുകളുടെ അവശിഷ്ടം സംഭരിക്കുന്നതിന് അരൂർ പഞ്ചായത്തിലെ ചന്തിരൂർ, എഴുപുന്ന പഞ്ചായത്തിലെ പാലായിപ്പറന്പ് എന്നിവിടങ്ങളിൽ യാർഡുകൾ സജ്ജമായിട്ടുണ്ട്. എന്നാൽ അവശിഷ്ടം കൊണ്ടുവന്നിടുന്പോൾ പ്രദേശത്ത് പരിസ്ഥിതി പ്രശ്നം ഉണ്ടാകുമോയെന്ന ഭീതി നാട്ടുകാർക്കുണ്ട്.
എഴുപുന്ന പഞ്ചായത്ത് പരിധിയിലുള്ള യാർഡിനെതിരെ സമീപവാസികളായ രണ്ടുപേർ പഞ്ചായത്തിൽ പരാതി നിൽകിയതിനെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറിയെത്തി സ്റ്റോപ്പ് മെമ്മോ നൽകി. അരൂർ പഞ്ചായത്ത് പരിധിയിലെ ചാന്തിരൂരിലെ യാർഡിനെതിരെ സമീപവാസികളാരും ഇതുവരെ പരാതി നൽകിയിട്ടില്ല. സ്ഫോടനത്തിന് മുൻപ് ഫ്ളാറ്റുകളിൽ നിന്ന് പൊളിച്ചുമാറ്റിയ ഭിത്തിയുടെ അവശിഷ്ടങ്ങൾ ഇരു യാർഡുകളിലും കൊണ്ടുവന്നിരുന്നു. അത് അപ്പോൾ തന്നെ വിറ്റുപോയിരുന്നു.
പ്രോംപറ്റ് എന്റർപ്രൈസസ് എന്ന സ്ഥാപനം 35.16 ലക്ഷം രൂപയ്ക്കാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്. യാർഡുകളിലെത്തിക്കുന്ന കന്പി ഒഴിവാക്കിയ അവശിഷ്ടങ്ങൾ മൊബൈൽ ക്രഷർ ഉപയോഗിച്ച് പാറപ്പൊടിയാക്കി മാറ്റും. ഇതിനായി ജർമനിയിൽ നിന്ന് 4.5 കോടി വിലയുള്ള യന്ത്രമാണ് യാർഡിൽ കൊണ്ടുവന്നിട്ടുണ്ട്. കന്പികൾ വീണ്ടും ഉപയോഗിക്കാവുന്ന വിധത്തിൽ രൂപമാറ്റം വരുത്തും. കന്പനികൾ തന്നെ രൂപമാറ്റംവരുത്തിയ കന്പിയും മെറ്റൽപ്പോടിയും വിൽക്കും.