ആലപ്പുഴ: പിതാവിനും സഹോദരനുമൊപ്പം റെയില്‍പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി പത്തുവയസുകാരന് മരിച്ചു. തുമ്പോളി റെയില്‍വേ സ്റ്റേഷനു സമീപം ആര്യാട് ഗ്രാമപഞ്ചായത്ത് 16-ാം വാര്‍ഡില്‍ അനീഷിന്റെ മകനും പൂങ്കാവ് കാരുപറമ്പ് സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥിയുമായ ആകാശ്(10) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 10.30 നു തുമ്പോളി റെയില്‍വേ സ്റ്റേഷനിലായിരുന്നു അപകടം. കയര്‍ഫാക്ടറി തൊഴിലാളിയായ പിതാവ് അനീഷിനൊപ്പം മത്സ്യം വാങ്ങാനായി പോയതായിരുന്നു ആകാശും മൂത്ത സഹോദരന് ആദര്‍ശും.
ഉയരം കൂടിയപ്ലാറ്റ്ഫോമില് പിതാവ് അനീഷ് കയറിയതിനുശേഷം മകനെ കൈപിടിച്ചു കടത്തുന്നതിനിടെ ആകാശ് ചവിട്ടിനിന്ന കല്ല് ഇളകുകയും പിതാവിന്റെ കൈകളില്‍നിന്നു ആകാശിന്റെ കൈ വിട്ടുപോകുകയും പാളത്തിലേക്കു വീഴുകയുമായിരുന്നുവെന്നു പറയുന്നു. ഈ സമയം കടന്നുവന്ന നിസാമുദ്ദീന്‍ എക്സ്പ്രസ് കുട്ടിയെ ഇടിക്കുകയായിരുന്നു. വണ്ടാനം മെഡിക്കല്‍ കോളജിലെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം സംസ്കാരം വീട്ടുവളപ്പില്‍ നടത്തി. അമ്മ: സിജി.