കൊച്ചി: ഫ്ളാറ്റുകളിൽനിന്ന് ഒഴിഞ്ഞു പോകാൻ കൂടുതൽ സമയം നൽകണമെന്നാവശ്യപ്പെട്ട് ഉടമയുടെ ഒറ്റയാൾ പ്രതിഷേധം. പൊളിച്ചുമാറ്റാനിരിക്കുന്ന മരടിലെ ഹോളിഫെയ്ത്തിലെ ഫ്ളാറ്റുടമ ഐസക് പട്ടാണിപ്പറമ്പിലാണ് പ്രതിഷേധം നടത്തിയത്. സാധനങ്ങൾ നീക്കാനും പകരം താമസസ്ഥലം കണ്ടെത്താനും രണ്ടാഴ്ച സമയം നീട്ടി നൽകണമെന്ന ആവശ്യമാണ് ഉടമകൾ ഉന്നയിച്ചത്.
ഇതു ചെവിക്കൊള്ളാൻ അധികൃതർ തയാറാവാത്ത സാഹചര്യത്തിലാണ് ഇദ്ദേഹം പ്രതിഷേധിച്ചത്. ഫ്ളാറ്റ് നിർമാതാക്കൾക്കെതിരേ രേഖാമൂലം പോലീസിൽ പരാതി നൽകിയ ഉടമകളിൽ മൂന്നു പേരിൽ ഒരാൾകൂടിയാണ് കായംകുളം സ്വദേശി ഐസക്. മകൾക്കുവേണ്ടി 68 ലക്ഷം രൂപയ്ക്കാണ് ഇദ്ദേഹം ഫ്ളാറ്റ് സ്വന്തമാക്കിയത്.
പകരം വീടു കിട്ടാത്തതിനാൽ സാധനങ്ങൾ മാറ്റാനോ താമസം മാറാനോ കഴിയാത്ത അവസ്ഥയിലാണ് തങ്ങളെന്ന് മരട് നഗരസഭാ സെക്രട്ടറി, സബ് കളക്ടർ എന്നിവരോട് ഐസക് പറഞ്ഞു. ഉടമകളുടെ ന്യായമായ ആവശ്യങ്ങൾ മേലുദ്യോഗസ്ഥരെ അറിയിച്ച് സാധ്യമായത് ചെയ്യാമെന്ന ഉറപ്പു ലഭിച്ചതിനെത്തുടർന്നാണ് ഇദ്ദേഹം പ്രതിഷേധം അവസാനിപ്പിച്ചത്.