കളമശേരി: പ്ലാസ്റ്റിക് വിരുദ്ധ പ്രസംഗങ്ങളും പദ്ധതി ആശയങ്ങളും മുഴങ്ങിയ ഏലൂർ നഗരസഭയുടെ വാർഷിക വികസന സെമിനാറിന്റെ വേദിയും പ്രവേശന കവാടവും സന്ദർശകരെ സ്വാഗതം ചെയ്തത് ഫ്ലക്സ് ബാനറുകൾ. ഏലൂർ നഗരസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 2017-18 വാർഷിക പദ്ധതിയുടെ വികസന സെമിനാറാണ് പ്രസംഗവും പ്രവർത്തിയും തമ്മിലുള്ള അന്തരം വ്യക്തമാക്കിയത്.
“ക്ലീൻ ഏലൂർ’ പദ്ധതിയ്ക്ക് ലക്ഷക്കണക്കിന് രൂപ ബജറ്റിൽ മാറ്റിവച്ചെന്ന അവകാശം ഉന്നയിച്ച നഗരസഭ തന്നെയാണ് ഫ്ലക്സ് ബാനറുകൾ കൈവിടാൻ മടി കാണിക്കുന്നതെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു. ഇതേ വേദിയിൽ കേന്ദ്ര സർക്കാർ ആവിഷ്ക്കരിച്ച സ്വച്ഛ്ഭാരതും സംസ്ഥാന സർക്കാരിന്റെ ഹരിത കേരളവും പൂർണമായി ഏലൂരിൽ നടപ്പിലാക്കുമെന്ന് ചടങ്ങിൽ പ്രസംഗിച്ചവർ ആവർത്തിച്ച് പറഞ്ഞതും സദസിന് കൗതുകമായി.
ഏലൂർ കൃഷിഭവൻ അങ്കണത്തിൽ നടന്ന ഏലൂർ നഗരസഭയുടെ 2017- 18 വാർഷിക പദ്ധതിയുടെ വികസന സെമിനാർ ആക്ടിംഗ് ചെയർപേഴ്സൺ സി.പി ഉഷ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ എം എ ജെയിംസ് അധ്യക്ഷനായി. മുൻ ചെയർപേഴ്സൺ സിജി ബാബു, സ്ഥിരം സമിതി അധ്യക്ഷർ, കൗൺസിലർമാർ, നഗരസഭ ഉദ്യോഗസ്ഥർ, വർക്കിംഗ് ഗ്രൂപ്പ് ഭാരവാഹികൾ എന്നിവർ സംസാരിച്ചു. തുടർന്ന് വർക്കിംഗ് ഗ്രൂപ്പ് തിരിഞ്ഞ് വികസന രൂപരേഖ ചർച്ച ചെയ്തു.