തൃശൂർ: പോലീസ് അറിയാതെ പോലീസിന്റെ പേരിൽ ഓട്ടോ ഡ്രൈവർമാർ ബോർഡ് സ്ഥാപിച്ചതിനെതിരെ സിറ്റി പോലീസ് കേസെടുത്തു. ഏതെങ്കിലും കോടതി ഉത്തരവുണ്ടെന്ന് പറഞ്ഞ് ആർടിഎ നൽകിയ പെർമിറ്റുമായി വരുന്ന ഓട്ടോകൾ ഓടാൻ അനുവദിക്കില്ലെന്ന് കാണിച്ചാണ് ഓട്ടോ സ്റ്റാൻഡുകളിൽ ബോർഡുകൾ പ്രദർശിപ്പിച്ചിരുന്നത്.
അയ്യന്തോൾ ഗ്രൗണ്ട്, ഒൗട്ട് പോസ്റ്റ്, കൂർക്കഞ്ചേരി വലിയാലുക്കൽ, കുരിയച്ചിറ, ചിയ്യാരം, വിയ്യൂർ പാലം, പൂങ്കുന്നം, പറവട്ടാനി, പുളിപ്പറന്പ്, നെല്ലിക്കുന്ന് കിണർ, വളർക്കാവ്, പെരിങ്ങാവ് എന്നീ പരിധിക്കുള്ളിൽ നൽകിയ പെർമിറ്റും തൃശൂർ സിറ്റി പോലീസ് നൽകിയ ചിപ്പോടുകൂടിയ ടിപി നന്പറും ഇല്ലാത്ത ഒരു ഓട്ടോയും സ്റ്റാൻഡിൽ പാർക്ക് ചെയ്യുന്നതിനും ഓട്ടം പോകുന്നതിനും അനുവദിക്കുന്നതല്ലെന്നാണ് തൃശൂർ ഓട്ടോ സഹകരണ അസോസിയേഷൻ എന്ന പേരിൽ ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.
ഇതിനോട് സഹകരിക്കാത്ത ഡ്രൈവർമാരുടെയും ഓട്ടോയുടെയും വിവരങ്ങൾ ശേഖരിച്ച് സിറ്റി പോലീസ് കമ്മീഷണർക്ക് നൽകാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും ബോർഡിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇത്തരം ഒരു നിർദ്ദേശം തങ്ങൾ നൽകിയിട്ടില്ലെന്നാണ് പോലീസ് വ്യക്തമാക്കിയത്. ഇതോടെ ബോർഡ് സ്ഥാപിച്ചതിനെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ സിറ്റി പോലീസ് ബോർഡ് സ്ഥാപിച്ച യൂണിയൻ ഭാരവാഹികൾക്കെതിരെ കേസെടുത്തു.
ശക്തൻ സ്റ്റാൻഡ്, കഐസ്ആർടിസി, ജൂബിലി മിഷൻ ഹോസ്പിറ്റൽ ജംഗ്ഷൻ, ബിനി ടൂറിസ്റ്റ് ഹോം ജംഗ്ഷൻ, പാറമേക്കാവ് ജംഗ്ഷൻ, ഹോസ്പിറ്റൽ ജംഗ്ഷൻ എന്നീ സ്ഥലങ്ങളിലാണ് ബോർഡുകൾ സ്ഥാപിച്ചിരുന്നത്. നേരത്തെ ഹൈക്കോടതി ഉത്തരവുമായി വരുന്ന ഓട്ടോറിക്ഷകൾ ഓടാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് ഓട്ടോ ഡ്രൈവർമാർ സംഘടിച്ച് സമരം വരെ നടത്തിയിരുന്നു.
എന്നാൽ ഹൈക്കോടതി ഉത്തരവു വഴി വരുന്ന ഓട്ടോറിക്ഷകൾ തടയാനാകില്ലെന്ന് ആർടിഒ ചൂണ്ടിക്കാട്ടിയതോടെ ഓട്ടോഡ്രൈവർമാർ സമരത്തിൽ നിന്ന് പിൻമാറി. ഇത്തരം പെർമിറ്റുകളുമായി കൂടുതൽ ഓട്ടോറിക്ഷകൾ എത്താൻ തുടങ്ങിയതോടെയാണ് ഓട്ടോ ഡ്രൈവർമാർ സംഘടിച്ച് സ്റ്റാൻഡുകളിൽ ബോർഡ് സ്ഥാപിച്ചത്.
എന്നാൽ കോടതിയെ വെല്ലുവിളിക്കുന്ന രീതിയിൽ പോലീസ് അറിയാതെ പോലീസ് നിർദ്ദേശിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി നഗരത്തിൽ സ്ഥാപിച്ച ബോർഡുകൾ പോലീസിന് തന്നെ തിരിച്ചടിയാകുമെന്ന് കണ്ടതോടെയാണ് ഓട്ടോ ഡ്രൈവർമാർക്കെതിരെ കേസെടുക്കാൻ തീരുമാനിച്ചത്. കോടതിയെ അവഹേളിക്കുന്ന രീതിയിൽ ഇത്തരം ബോർഡുകൾ സ്ഥാപിച്ചതിനെതിരെ കോടതി ഉത്തരവുമായി വന്ന ഓട്ടോ ഡ്രൈവർമാർ കോടതിയെ സമീപിക്കാനും നീക്കം നടക്കുന്നുണ്ട്.