ചെന്നൈ: ചെന്നൈയിൽ ഫ്ളക്സ് ബോർഡ് വീണ് സോഫ്റ്റ്വെയർ എൻജീനിയറായ യുവതി മരിച്ച സംഭവത്തിൽ ഒളിവിലായിരുന്നു എഡിഎംകെ നേതാവ് അറസ്റ്റിൽ. തമിഴ്നാട്ടിലെ ഭരണകക്ഷിയായ എഡിഎംകെയുടെ പ്രാദേശിക നേതാവ് ജയഗോപാൽ ആണ് അറസ്റ്റിലായത്.
കൃഷ്ണഗിരി ജില്ലയിൽനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ജയഗോപാലിനെതിരെ മനപൂർവമല്ലാത്ത നരഹത്യക്കാണ് കേസ് എടുത്തിരിക്കുന്നത്. കൂടുതല്‍ വകുപ്പുകള്‍ ചുമത്താന്‍ പോലീസ് മടിക്കുകയാണെന്ന് ശുഭശ്രീയുടെ പിതാവ് കുറ്റപെടുത്തിയിരുന്നു.
ചെന്നൈയിൽ സോഫ്റ്റ്വെയർ എൻജീനിയറായ ശുഭശ്രീ (23) ആണ് മരിച്ചത്. സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ കൂറ്റൻ ഫ്ളക്സ് ബോർഡ് ദേഹത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു. ഐഎല്‍ടിസ് പരീക്ഷ കഴിഞ്ഞ് സ്കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ പല്ലാവരം റോഡിന് സമീപത്തായിരുന്നു സംഭവം.
ഫ്ളക്സ് വീണതോടെ സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ശുഭശ്രീ പിന്നാലെ വന്ന ലോറിക്കടിയിലേക്ക് വീണു. തലയ്ക്ക് ഗുരുതര പരിക്കേറ്റ ശുഭശ്രീയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജയഗോപാലിന്റെ മകന്റെ വിവാഹവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച നേതാക്കളുടെ പരസ്യബോർഡാണ് മറിഞ്ഞുവീണത്.