അഞ്ചൽ: പ്രതിഷേധ പ്രകടനത്തിനിടെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ ഫ്ലക്സ് ബോർഡുകളും കൊടിമരങ്ങളും നശിപ്പിച്ച് സംഘർഷാവസ്ഥ സൃഷ്ടിച്ച കേസിൽ ഇരുന്നൂറിലധികം പേർക്കെതിരെ പോലീസ് കേസെടുത്തു. സിപിഎം, ബിജെപി, ഡിവൈഎഫ്ഐ ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടിപ്രവർത്തകർക്കെതിരെയാണ് അഞ്ചൽ പോലീസ് സ്വമേധയാ കേസെടുത്തിട്ടുള്ളത്.
സംഘർഷാവസ്ഥ കണക്കിലെടുത്ത് അഞ്ചൽ ആർഒ ജംഗ്ഷൻ മുതൽ ചന്തമുക്ക് വരെയുള്ള മേഖലയിൽ ഇന്നലെ രാത്രി മുതൽ പോലീസ് നിരീക്ഷണത്തിലാണ്. ഡൽഹി എകെജി ഭവനിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കു നേരെ കൈയേറ്റ ശ്രമം നടന്നതിൽ പ്രതിഷേധിച്ച് സിപിഎമ്മിന്റെ നേതൃത്വത്തിൽ അഞ്ചലിൽ നടത്തിയ പ്രകടനമാണ് സംഭവങ്ങൾക്ക് തുടക്കം.
ഇന്നലെ വൈകുന്നേരം ആറോടെ അഞ്ചൽ ആർഓ ജംഗ്ഷനിൽനിന്നു ചന്തമുക്കുവരെ സിപിഎമ്മിന്റെ നേതൃത്വത്തിൽ നടത്തിയ പ്രകടനത്തിൽ നിരവധി പ്രവർത്തകർ പങ്കെടുത്തിരുന്നു. പ്രകടനം കടന്നുപോയ റോഡിന്റെ ഇരുവശത്തുമുണ്ടായിരുന്ന ബിജെപി, ആർഎസ്എസ്, വിശ്വ ഹിന്ദു പരിക്ഷത്ത് ഉൾപ്പെടെയുള്ളവരുടെ ഫ്ലക്സ് ബോർഡുകൾ പ്രകടനക്കാർ നശിപ്പിച്ചു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ബിജെപി പ്രവർത്തകർ സമാന രീതിയിൽ അഞ്ചലിൽനിന്നു ചന്തമുക്കുവരെ പ്രകടനം നടത്തി. പാതയോരത്തുണ്ടായിരുന്ന സിപിഎമ്മിന്റെതുൾപ്പെടെയുള്ള ഇടതുപക്ഷസംഘടനകളുടെ ഫ്ലക്സ് ബോർഡുകൾ ബിജെപിക്കാരും നശിപ്പിച്ചു.
അഞ്ചൽ പോലീസ് അവസരോജിതമായി ഇടപെട്ടതിനെ തുടർന്ന് സംഘർഷാവസ്ഥ ഒഴിവാക്കിയെങ്കിലും രാത്രിയോടെ കൂടുതൽ പാർട്ടിപ്രവർത്തകർ സ്ഥലത്തെത്തി കൊടിമരങ്ങളും പാതയോരങ്ങളിൽ അവശേഷിച്ച മറ്റ് വിവിധ ഫ്ലക്സ് ബോർഡുകളും നശിപ്പിച്ചു. ഇരു പാർട്ടിക്കാരുടെയും നിരവധി കൊടിമരങ്ങളാണ് നശിപ്പിച്ചത്. പ്രതിഷേധക്കാരുടെ പ്രകടനത്തെ തുടർന്ന് ഇന്നലെ വൈകുന്നേരം അഞ്ചലിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടിരുന്നു.
ഏറെ ബുദ്ധിമുട്ടുണ്ടാക്കിയ രാഷ്ട്രീയ പാർട്ടികളുടേതുൾപ്പെടെയുള്ള ഫ്ലക്സ് ബോർഡുകൾ എങ്ങനെ നീക്കം ചെയ്യണമെന്നറിയാതെ ആശയക്കുഴപ്പത്തിലായിരുന്ന പോലീസിന് പാർട്ടിപ്രവർത്തകർ തന്നെ അത് നശിപ്പിച്ചത് ഏറെ ആശ്വാസമായിട്ടുണ്ട്. രാഷ്ട്രീയ പ്രവർത്തകർ നശിപ്പിച്ചതിനെത്തുടർന്ന് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടേതുൾപ്പെടെ നൂറോളം ഫ്ലക്സ് ബോർഡുകളാണ് അഞ്ചൽ ചന്തമുക്കിൽനിന്നുമാത്രം നീക്കം ചെയ്തത്.