കൊച്ചി: ഹൈക്കോടതി കർശന നിലപാട് സ്വീകരിച്ചതോടെ ജില്ലയിലെ പാതയോരങ്ങൾ ഏറെക്കുറെ ഫ്ളക്സ് വിമുക്തമായി. അനധികൃതമായി സ്ഥാപിച്ച ഫ്ളക്സുകൾ, പരസ്യബോർഡുകൾ, ബാനറുകൾ, കൊടികൾ തുടങ്ങിയവ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഇന്നലെയോടെ നീക്കം ചെയ്തു.
ജില്ലയിൽ ഏറ്റവും കൂടുതൽ ഫ്ളക്സ് ബോർഡുകളും ബാനറുകളും ഉയരുന്ന കൊച്ചി നഗരം ഫ്ളക്സ് വിമുക്തമായെന്നുതന്നെ പറയാം. ഫ്ളക്സുകൾ തിങ്ങിനിറഞ്ഞു കണ്ടിരുന്ന കച്ചേരിപ്പടി, മേനക, എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ സൗത്ത് റെയിൽവേ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിൽ ഇപ്പോൾ ഇവ കാണാനില്ല.
കാൽനടയാത്രക്കാർക്കും വാഹനഗതാഗതത്തിനും തടസമുണ്ടാക്കി ജില്ലയിലെങ്ങുമുണ്ടായിരുന്ന പരസ്യബോർഡുകളും മറ്റും ദിവസങ്ങളെടുത്താണു നീക്കം ചെയ്തത്. ഒരാഴ്ചമുന്പു നീക്കം ചെയ്തിടത്തു കഴിഞ്ഞ ദിവസങ്ങളിൽ വീണ്ടും പ്രത്യക്ഷപ്പെട്ട പരസ്യബോർഡുകൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഇന്നലെ നീക്കി.
വ്യക്തികളും സ്വകാര്യ സ്ഥാപനങ്ങളും സ്ഥാപിച്ച ബോർഡുകൾ ഉൾപ്പെടെ നീക്കം ചെയ്ത അധികൃതർ ഇതിനായി ചെലവായ തുക ഈടാക്കാനുള്ള നടപടികളും ആരംഭിച്ചു. ചിലയിടങ്ങളിൽ ചെറിയതോതിൽ വാക്കുതർക്കമുണ്ടായതൊഴിച്ചാൽ കാര്യമായ പ്രതിഷേധം ഒരിടത്തും ഉയർന്നില്ല. ഫോർട്ടുകൊച്ചി, പള്ളുരുത്തി, തോപ്പുംപ്പടി ഭാഗങ്ങളിൽ രാത്രിയിലടക്കം
പ്രത്യേക സ്ക്വാഡുകൾ രംഗത്തിറങ്ങിയാണു ബോർഡുകൾ നീക്കം ചെയ്തത്. നീക്കം ചെയ്യുന്തോറും പുതിയ ബോർഡുകൾ ഉയർന്നുവരുന്ന കാഴ്ചയാണ് കോതമംഗലം മേഖലയിൽ കാണാൻ സാധിച്ചത്. ജില്ലയിലെ പോക്കറ്റ് റോഡുകളിൽനിന്നു ഫ്ളക്സ് ബോർഡുകൾ പൂർണമായി മാറ്റാനായിട്ടില്ലെന്നും പറയുന്നു.
സംസ്ഥാനത്ത് അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ഫ്ളക്സുകളും മറ്റും ഇന്നലേയ്ക്കു മുന്പു (ഒക്ടോബർ 30ന്) നീക്കം ചെയ്യണമെന്നും അല്ലെങ്കിൽ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ സെക്രട്ടറിയും ഫീൽഡ് സ്റ്റാഫും ഉത്തരവാദികളായിരിക്കുമെന്നും ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
ഇതേത്തുടർന്നു രാഷ്ട്രീയപാർട്ടികൾ, സ്ഥാപനങ്ങൾ തുടങ്ങിയവരെല്ലാം സ്ഥാപിച്ച അനധികൃത ബോർഡുകൾ നീക്കംചെയ്യണമെന്നു ജില്ലാകളക്ടർ കർശന നിർദേശവും നൽകിയിരുന്നു. നീക്കം ചെയ്തശേഷം വീണ്ടും സ്ഥാപിച്ചാൽ നിയമനടപടികൾ എടുക്കണമെന്നും നിർദേശിച്ചിരുന്നു