കൊച്ചി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നഗരത്തിൽ രാഷ്ട്രീയ പാർട്ടികൾ സ്ഥാപിച്ച പോസ്റ്ററുകളും ചുവരെഴുത്തുകളും ഹരിത ചട്ടപ്രകാരം നീക്കം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ലെറ്റ്സ് ക്ലീൻ എറണാകുളം, ഗ്രീൻ സിറ്റി എന്നീ ഹാഷ് ടാഗുകളോടെയാണ് എൽഡിഎഫിന്റെ പ്രചാരണ ബോർഡുകൾ നീക്കം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുള്ളത്.
മഹാരാജാസ് എസ്എഫ്ഐ യൂണിറ്റിന്റെ നേതൃത്വത്തിൽ മഹാരാജാസ് കോളജിന് സമീപത്തുള്ള പോസ്റ്ററുകളും ബാനറുകളും തോരണങ്ങളും നീക്കം ചെയ്തുതുടങ്ങി. വൈറ്റിലയിൽ പ്രചാരണത്തിന് ഉപയോഗിച്ച മതിലുകൾ വെള്ളപൂശി തുടങ്ങി. വടുതലയിൽ തെരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾ, തോരണങ്ങൾ, ബാനറുകൾ എന്നിവ നീക്കം ചെയ്തു.
യുഡിഎഫിന്റെ പ്രചാരണ ബോർഡുകൾ നീക്കം ചെയ്യുന്ന പ്രവൃത്തികളും ഇന്നലെ തുടങ്ങി. ഇടപ്പള്ളി പ്രദേശത്തെ ഫ്ളെക്സ് ബോർഡുകളും ബാനറുകളും പോസ്റ്ററുകളുമാണ് നീക്കം ചെയ്തു തുടങ്ങിയത്. യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡൻ നേതൃത്വം നൽകി.
എറണാകുളം കച്ചേരിപ്പടിയിൽ തെരഞ്ഞെടുപ്പിൽ ഒട്ടിച്ച ബിജെപിയുടെ പോസ്റ്ററുകൾ എൻഡിഎ സ്ഥാനാർഥി അൽഫോണ്‍സ് കണ്ണന്താനത്തിന്റെ നേതൃത്വത്തിൽ നീക്കം ചെയ്തു. തുടർന്ന് നഗരത്തിലെ വിവിധയിടങ്ങളിൽ പ്രവർത്തകരുടെ നേതൃത്വത്തിൽ പോസ്റ്ററുകൾ നീക്കം ചെയ്തു തുടങ്ങി.