നാദാപുരം: കല്ലാച്ചിയിൽ ഒരാഴ്ചയായി സിപിഎം, സിപിഐ പ്രവർത്തകർ പരസ്പരം നടത്തുന്ന ഫ്ളക്സ് പോരിന് പോലീസ് വിലക്കേർപ്പെടുത്തി. ഇരു പാർട്ടികളും തമ്മിലുള്ള ഫ്ളക്സ്, പോസ്റ്റർ പോര് ക്രമസമാധാന പ്രശ്നങ്ങൾക്കിടയാക്കുമെന്ന റിപ്പോർട്ടുകളെ തുടർന്നാണ് പോലീസിടപെട്ടത്. ഇരു പാർട്ടികളും പരസ്പരം കുറ്റപ്പെടുത്തി ടൗണിൽ സ്ഥാപിച്ച ഫ്ളക്സുകളും പോസ്റ്ററുകളും നീക്കം ചെയ്യാൻ പോലീസ് നിർദ്ദേശം നൽകി.
സിപിഐ ലോക്കൽ സെക്രട്ടറി ചാത്തു ഭൂമിയിൽ അതിക്രമിച്ച് കയറി റോഡ് നിർമാണം നടത്തിയതും ചാത്തുവിന്റെ വീട്ടിലെ സിസിടിവി കാമറകൾ അയൽവാസികൾ അടിച്ച് തകർത്തതുമാണ് പോരിനിടയാക്കിയത്.
സിപിഐ സ്ഥാപിച്ച ഫ്ളക്സ് തിങ്കളാഴ്ച ഉച്ചയ്ക്കും രാത്രിയിലുമായി നശിപ്പിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് ടൗണിൽ പ്രകടനം നടത്താൻ സിപിഐ തീരുമാനിച്ചെങ്കിലും പോലീസ് വിലക്കി. പ്രതിഷേധ പ്രകടനത്തിന് നേരേ അക്രമം ഉണ്ടായേക്കുമെന്ന് പോലീസിന് സൂചന ലഭിച്ചതിനെ തുടർന്നാണിത്.