കോഴിക്കോട്:ലോകകപ്പ് ഫുട്ബോള്‍ കഴിഞ്ഞു. ഓരോ ടീമിന്റെയും ആരാധകർ നാട്ടിലുടനീളം സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡുകളെല്ലാം എന്തുചെയ്യുമെന്നാലോചിച്ച് തലപുകയ്ക്കേണ്ട.അതിന് ഒരു വഴിയൊരുക്കുകയാണ് ജില്ലാ ഭരണകൂടം.
നീക്കം ചെയ്യുന്നഫ്ലക്സുകള് കോഴിക്കോട് കോര്‍പറേഷന്റെ വെസ്റ്റ്ഹില്ലിലുള്ള പ്ലാസ്റ്റിക് ഷെഡിംഗ് യൂണിറ്റില്‍ സംഭരിക്കാന്‍ കേന്ദ്രീകൃത സംവിധാന ഒരുക്കിയിട്ടുണ്ടെന്നും ഈ സംവിധാനം പ്രയോജനപ്പെടുത്തണമെന്നും ജില്ലാ കളക്ടര്‍ യു.വി. ജോസ് ആവശ്യപ്പെട്ടു.
ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച് ജില്ലയില്‍ വ്യാപകമായി ഉയര്‍ത്തിയിട്ടുള്ള ഫ്ലക്സ് ബോര്‍ഡുകള്‍ ജനങ്ങളുടെ ആരോഗ്യത്തിനും ജീവനും തന്നെയും ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ഈ മാസം 17ന് വൈകീട്ട് ആറിനകം നീക്കം ചെയ്യാന്‍ ഉത്തരവായിട്ടുണ്ട്. ഫ്ലക്സുകള്‍ യാതൊരു കാരണവശാലുംവലിച്ചു കീറിയും കത്തിച്ചും നശിപ്പിക്കാതെ ശേഖരിച്ച് വെസ്റ്റ്ഹില്‍ പ്ലാസ്റ്റിക് ഷെഡിംഗ് യൂണിറ്റില്‍ എത്തിക്കേണ്ടതാണ്.
പരിസ്ഥിതിക്ക് ദോഷകരമാകുന്ന വിധം ഫ്ലക്സുകള്‍ നീക്കം ചെയ്യാതെ നിലനിര്‍ത്തുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമവും പഞ്ചായത്ത് രാജ്, മുന്‍സിപ്പല്‍ നിയമവും ഉപയോഗിച്ച് നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.