തൊടുപുഴ: കോവിഡ്-19 നെ തുടർന്ന് ഇത്തവണത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അലകും പിടിയും മാറി.
പരസ്യയോഗങ്ങൾ പരമാവധി ഒഴിവാക്കി വോട്ടർമാരെ നേരിൽക്കണ്ടും കുടുംബയോഗങ്ങൾ സംഘടിപ്പിച്ചുമുള്ള പ്രചാരണത്തിനുമാണ് എല്ലാ സ്ഥാനാർഥികൾക്കും താത്പര്യം.
മൈക്ക് ഉപയോഗിച്ചുള്ള പരസ്യസമ്മേളനങ്ങൾക്ക് ആളെ കിട്ടില്ലെന്ന തിരിച്ചറിവാണ് രാഷ്ട്രീയ പാർട്ടികളെ മാറ്റിചിന്തിപ്പിക്കാൻ ഇടയാക്കിയത്.
പ്രധാന തെരഞ്ഞെടുപ്പ് കണ്വൻഷൻ ഒഴികെമറ്റുള്ള യോഗങ്ങളിൽ സ്ഥാനാർഥികൾ എത്തുന്നുപോലുമില്ല.
പകരം തൊഴിലാളികൾ, വ്യാപാരികൾ, കർഷകർ തുടങ്ങി വിവിധ തുറകളിലുള്ളവരെ നേരിട്ടെത്തി വോട്ടഭ്യർഥിക്കുകയാണ് ചെയ്യുന്നത്.
ഉഷാറായി സൈബർ പ്രചാരണം
സൈബർ പ്രചാരണം ഇത്തവണ പൊടിപൊടിക്കുകയാണ്. സ്ഥാനാർഥിയെക്കുറിച്ചുള്ള വിശേഷണങ്ങളും വികസനപ്രവർത്തനങ്ങളും ഭാവിയിൽ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികൾ ഉറപ്പുനൽകിയുമെല്ലാമുള്ള പ്രചാരണമാണ് കൊഴുക്കുന്നത്.
യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ മുന്നണികൾ സൈബർ പ്രചാരണത്തിന് പ്രത്യേക സെല്ലുകൾ തന്നെ രൂപീകരിച്ചിട്ടുണ്ട്.
വോട്ടർമാരുടെ മനസിൽതൊടുന്നതും ചിരിയും ചിന്തയും ഉണർത്തുന്നതുമായ പോസ്റ്റുകളാണ് പ്രത്യക്ഷപ്പെടുന്നത്.
എതിരാളികളെകുറിച്ച് ആക്ഷേപഹാസ്യത്തോടെയുള്ള പോസ്റ്റുകൾ ഇറക്കി ഗ്രാഫ് ഉയർത്താനും മൽസരിക്കുകയാണ്.
ഫ്ളക്സുകളിലും പുതുമ
ഫ്ളക്സുകളിൽപ്പോലും ഇത്തവണ മാറ്റം പ്രകടമാണ്. കാർഷികമേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളുടെയും കാർഷികമേഖലയുടെയും ഇടുക്കി ആർച്ച്ഡാമിന്റെയും നടപ്പാക്കിയ വികസനത്തിന്റെ നേർചിത്രമെന്ന രീതിയിൽ സ്ഥാനാർഥി നിൽക്കുന്നതിന്റെയുമെല്ലാം ചിത്രങ്ങളാണ് ഫ്ളെക്സുകളിൽ ഇടംപിടിച്ചിരിക്കുന്നത്.
മുന്നണികൾ മുന്നോട്ടുവച്ച മുദ്രാവാക്യങ്ങൾ എല്ലാ സ്ഥാനാർഥികളുടെയും ഫ്ളക്സുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. കൂറ്റൻ ഫ്ളെക്സുകൾ നഗരത്തിന്റെ മുക്കിലും മൂലയിലും ഇത്തവണ ഇടംപിടിച്ചിട്ടുണ്ട്.
ഇതിനു പുറമെ മണ്ഡലത്തിലുടനീളം സ്ഥാനാർഥികളുടെ ചെറിയ ഫ്ളക്സുകളും പോസ്റ്ററുകളും നിറഞ്ഞുകഴിഞ്ഞു.
ഫോട്ടോഗ്രഫിയുടെയും അച്ചടിവിദ്യയുടെയും സാങ്കേതിക മേൻമ പരമാവധി പ്രയോജനപ്പെടുത്തി തയാറാക്കിയിട്ടുള്ള പോസ്റ്ററുകളും ഫ്ളക്സുകളും ആരെയും ആകർഷിക്കുന്നതാണ്.
ഓട്ടപ്രദക്ഷിണം നടത്തിയാലും ഇക്കുറി എത്തില്ല…
തൊടുപുഴ: തെരഞ്ഞെടുപ്പിന് ഇനി 20 ദിവസം മാത്രമാണ് അവശേഷിക്കുന്നത്. മണ്ഡലത്തിന്റെ ഒരറ്റത്തുനിന്നു മറ്റേ അറ്റത്തേക്ക് ഓട്ടപ്രദക്ഷിണം നടത്തിയാലും എല്ലായിടത്തും ഇക്കുറി ഓടിയെത്താൻ നന്നേ പ്രയാസപ്പെടും.
ഇതിനിടെ പെസഹ, ദുഃഖവെള്ളി, ഈസ്റ്റർ തുടങ്ങിയ അവധിദിവസങ്ങളും വരുന്നതോടെ പ്രചാരണത്തിനുള്ള സമയം വീണ്ടും കുറയും.
പല മണ്ഡലങ്ങളുടെയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കൂടി കണക്കിലെടുക്കുന്പോൾ ഓട്ടത്തിനു വേഗം കുറയും.
അതിനാൽ തന്നെ സ്ഥാനാർഥിയെ മുഖാമുഖം കാണാനുള്ള മോഹം ഇത്തവണ പല വോട്ടർമാർക്കും ലഭിച്ചെന്നു വരില്ല.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ദിവസങ്ങൾ കഴിഞ്ഞതിനു ശേഷമാണ് പല മണ്ഡലത്തിലും സ്ഥാനാർഥികളെ നിശ്ചയിച്ചത്. ഇതും പ്രചാരണത്തിന്റെ സമയത്തെ കാര്യമായി ബാധിച്ചു.
തിരക്കില്ലാതെ അച്ചടിശാലകൾ
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഇടവേളയില്ലാതെ പ്രവർത്തിച്ചുവന്നിരുന്ന നാട്ടിൻപുറങ്ങളിലെ അച്ചടിശാലകളിൽ ഇന്നു പേരിനുമാത്രമാണ് ജോലികൾ നടക്കുന്നത്.
നോട്ടീസുകൾ, പ്രസ്താവനകൾ, വിശദീകരണകുറിപ്പുകൾ, വികസനനേട്ടങ്ങൾ തുടങ്ങിയവ എണ്ണിപ്പറഞ്ഞ് വീടുവീടാന്തരം എത്തിച്ചുനൽകിയിരുന്ന ഇത്തരം ലഘുലേഖകൾ ഇന്നു പേരിനുമാത്രമാണ് വീടുകളിൽ എത്തുന്നത്.
ഇത്തരം ലഘുലേഖകളുടെ അച്ചടി കുറഞ്ഞതോടെ നാട്ടിൻപുറങ്ങളിലെ ഭൂരിഭാഗം പ്രസുകളിലും തിരക്ക് നാമമാത്രമായി.
ഇതിനു പുറമെ ഓരോ സ്ഥാനാർഥിയും തന്റെ പ്രചാരണപ്രവർത്തനങ്ങൾ വൻ തുകയ്ക്ക് പി.ആർ ഏജൻസികൾക്ക് കരാർ നൽകുകയാണ് പതിവ്.
ഇതു പ്രന്റിംഗ് മേഖലയിലെ ഭൂരിഭാഗം ജോലികളും തമിഴ്നാട്ടിലെ ശിവകാശി ഉൾപ്പെടെ കേന്ദ്രീകരിച്ചാണ് നടക്കുന്നത്.
കുറഞ്ഞനിരക്കും വിദഗ്ധരായ തൊഴിലാളികളും ആധുനിക രീതിയിലുള്ള പ്രിന്റിംഗ് സംവിധാനങ്ങളും ഒരുകുടക്കീഴിൽ ലഭിക്കുന്നതാണ് ആളുകളെ ഇവിടേക്ക് ആകർഷിക്കാൻ പ്രധാന കാരണം.