മുക്കം: മുക്കത്തും പരിസര പ്രദേശങ്ങളിലും പ്രചരണ ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിക്കുന്നതായി പരാതി. വയനാട് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.പി.സുനീറിന്റെ തിരഞ്ഞെടുപ്പു പ്രചരണാര്‍ത്ഥം പ്രവര്‍ത്തകര്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ പോസ്റ്ററുകള്‍ കൊടിതോരണങ്ങള്‍ തുടങ്ങിയ പ്രചരണ സാമഗ്രികള്‍ കാരശേരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം നശിപ്പിച്ചു.
വയനാട് മണ്ഡലത്തില്‍പ്പെട്ട കാരശേരിയില്‍ രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് യുഡിഎഫ്143-ാം നവര്‍ ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്ഥാപിച്ച നിരവധി ബോര്‍ഡുകളും ബാനറുകളും കീറി നശിപ്പിച്ചു. ഇരുമുന്നണികളും പരാതിയുമായി രംഗത്തെത്തിയതോടെ ഇവിടങ്ങളില്‍ പോലീസ് പരിശോധന കര്‍ശനമാക്കി.
കാരമൂല, കളരിക്കണ്ടി ഭാഗങ്ങളിലാണ് എല്‍ഡിഎഫ് ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടത്.പ്രചരണ പ്രവര്‍ത്തനങ്ങളില്‍ ഏറെ മുന്നേറിക്കഴിഞ്ഞ എല്‍ഡിഎഫിന്റെ ശൈലിയില്‍ അസൂയാലുക്കളായവരാണ് പ്രകോപനവും സംഘര്‍ഷവും സൃഷ്ടിച്ച് മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നതെന്ന് എല്‍ഡിഎഫ് ഭാരവാഹികള്‍ പറഞ്ഞു.
കഴിഞ്ഞ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചും കാര മൂലയില്‍ യുഡിഎഫ് മനഃപൂര്‍വ്വം സംഘര്‍ഷവും സംഘട്ടനവും സൃഷ്ടിച്ച് മുതലെടുപ്പിന് ശ്രമിച്ചിരുന്നതായും മുന്‍കരുതല്‍ നടപടി ആവശ്യപ്പെട്ടതായും നേതാക്കള്‍ അറിയിച്ചു.എളമ്പിലാശ്ശേരി കൊളക്കാടന്‍മല ജംഗ്ഷന് മുതല്‍ മൈസൂര്‍ മല ഹെയര്‍പിന്‍ വരെയും പാറത്തോട് മുതല്‍ മായങ്ങല്‍ വരെയും സ്ഥാപിച്ച വലും ചെറുതുമായ യുഡിഎഫ് ബോര്‍ഡുകളും ബാനറുകളുമാണ് ആയുധങ്ങള്‍ ഉപയോഗിച്ച് കുത്തിക്കീറി നശിപ്പിച്ചത്.
മൈസൂര്‍മല വാര്‍ഡിലെ പാറതോട് പ്രദേശത്ത് പ്രവര്‍ത്തകര്‍ സ്ഥാപിച്ച വലിയ ബോര്‍ഡുകള്‍ വെട്ടികീറി നശിപ്പിച്ചതില്‍ യുഡിഎഫ് കാരശ്ശേരി പഞ്ചായത്ത് കമ്മറ്റി പ്രതിഷേധിച്ചു. കുറ്റക്കാരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്നും പ്രദേശത്ത് രാത്രി കാലങ്ങളില്‍ പോലീസ് പട്രോളിംഗ് വേണമെന്നും യോഗം ആവശ്യപ്പെട്ടു.