തൃശൂർ: ഫ്ളക്സ് നിരോധനം പിൻവലിക്കണമെന്നും ഫ്ളക്സ് പ്രിന്റിംഗ് മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സൈൻ പ്രിന്റിംഗ് ഇൻഡസ്ട്രീസ് അസോസിയേഷന്റെ നേതൃത്വത്തിൽ 16നു സെക്രട്ടറിയേറ്റ് ഉപരോധിക്കുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
പ്രിന്റിംഗ് യൂണിറ്റ് ഉടമകളുടെ കുടുംബാംഗങ്ങൾ, സ്ഥാപനത്തിലെ ജീവനക്കാർ, ഈ മേഖലയിൽ പരോക്ഷമായി ജോലി ചെയ്യുന്നവർ ഉൾപ്പെടെ ഒരു ലക്ഷം പേരെ ഉപരോധ സമരത്തിൽ പങ്കെടുപ്പിക്കും. പരസ്യനയം സർക്കാർ പ്രഖ്യാപിക്കുക, ഫ്ളക്സ് റീസൈക്കിളിംഗ് പ്ലാന്റിനാവശ്യമായ സ്ഥലം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സെപ്റ്റംബർ 30 മുതൽ സെക്രട്ടേറിയറ്റിനു മുന്നിൽ റിലേ സത്യഗ്രഹം നടന്നുവരികയാണ്.
ഫ്ളക്സിന്റെ റീസൈക്കിളിംഗ് സാധ്യതകളുടെ പഠന റിപ്പോർട്ടുകൾ തള്ളിക്കളഞ്ഞ് സർക്കാർ ഏകപക്ഷീയമായി ഫ്ളക്സ് നിരോധനം നടപ്പാക്കിയത്. ബാങ്കുകളിൽനിന്നും സ്വകാര്യ സ്ഥാപനങ്ങളിൽനിന്നും കിടപ്പാടം പണയപ്പെടുത്തി ആരംഭിച്ച പ്രിന്റിംഗ് യൂണിറ്റുകളെല്ലാം അടച്ചുപൂട്ടൽ ഭീഷണിയിലാണ്.
മുന്നറിയിപ്പില്ലാത്ത നിരോധനം മൂലം ഫ്ളക്സ് അസംസ്കൃത വസ്തുക്കൾ കേരളത്തിലങ്ങോളമിങ്ങോളം കെട്ടിക്കിടക്കുകയാണ്. ഇതുമൂലം കോടിക്കണക്കിനു രൂപയുടെ നഷ്ടമാണ് ഫ്ളക്സ് നിർമാതാക്കൾ, വിതരണക്കാർ, പ്രിന്റിംഗ് യൂണിറ്റുകൾ എന്നിവർക്കുണ്ടായിട്ടുള്ളതെന്നു ഭാരവാഹികൾ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ടി.എ. സേതുരാമൻ, ജില്ലാ സെക്രട്ടറി വി.എസ്. ജോഷി, ട്രഷറർ എൻ.എസ്. സുരേഷ്, കെ.എച്ച്. ഹിജാസ് തുടങ്ങിയവർ പങ്കെടുത്തു.