മുക്കം: ക്രമാതീതമായി പേപ്പർ വില ഉയരുന്നതിന് പുറമേ ഹൈക്കോടതിയുടെ നിർദേശ പ്രകാരം സർക്കാർ പരസ്യ ബോർഡുകൾക്ക് കൂടി നിയന്ത്രണം ഏർപ്പെടുത്തിയതോടെ അച്ചടി വ്യവസായം നീങ്ങുന്നത് കടുത്ത പ്രതിസന്ധിയിലേക്ക്. പേപ്പർ, മഷി അടക്കമുള്ള അച്ചടി സാമഗ്രികൾക്ക് കഴിഞ്ഞ ഒരു വർഷത്തിനിടെ 15 മുതൽ 40 ശതമാനം വരെയാണ് വില കൂടിയതെന്ന് ഈ രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു.
കേരളത്തിലുണ്ടായ വലിയ പ്രളയത്തിനു ശേഷം മന്ദഗതിയിലായ സാമ്പത്തികനില ഏറ്റവും കൂടുതൽ ബാധിച്ച മേഖലകളിലൊന്നാണ് അച്ചടി വ്യവസായം. പ്രളയശേഷം രാഷ്ട്രീയ, മത, സാമൂഹിക, സാംസ്കാരിക സംഘടനകളെല്ലാം പരിപാടികൾ വെട്ടിക്കുറച്ചതോടെ പ്രതിസന്ധിയിലായ അച്ചടി വ്യവസായത്തിന് കനത്ത തിരിച്ചടിയാണ് ഹൈക്കോടതി ഏർപ്പെടുത്തിയ പരസ്യബോർഡ് നിയന്ത്രണത്തിലൂടെ ഏറ്റിരിക്കുന്നത്.
ഫ്ലക്സ് ബോർഡുകൾ, ബാനറുകൾ, ഹോർഡിങുകൾ, കൊടികൾ എന്നിവ പൊതുസ്ഥലങ്ങളിൽ സ്ഥാപിക്കുന്നതിന് നിയന്ത്രണങ്ങൾ വന്നതോടെ 60 മുതൽ 70 ശതമാനം വരെ ഇടിവാണ് ഈ മേഖലയിൽ ഉണ്ടായിരിക്കുന്നത്. പേപ്പർ വില വർധിച്ചതിനാൽ പോസ്റ്ററുകൾ അടിക്കുന്നതിലും വലിയ കുറവ് വന്നിട്ടുണ്ട്. മിക്ക പ്രിന്റിങ് കടകളും ഭീമമായ വാടക നൽകിയാണ് പ്രവർത്തിക്കുന്നത്.
കൂടാതെ ഇടയ്ക്കിടയ്ക്ക് അച്ചടി സംബന്ധമായ യന്ത്രങ്ങൾ അറ്റകുറ്റപ്പണി നടത്തേണ്ടതും പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നു. ഈ സാഹചര്യത്തിൽ പല അച്ചടി സ്ഥാപനങ്ങളും വില വർധനവ് വരുത്താൻ നിർബന്ധിതമായിട്ടുണ്ട്. എന്നാൽ വില വർധനവ് ഉപഭോക്താക്കളെ അകറ്റുമെന്ന ആശങ്കയും ഇവർ പങ്കുവയ്ക്കുന്നുണ്ട്.
ഓണം, പെരുന്നാൾ, ക്രിസ്തുമസ്, നബിദിനം, ശിവരാത്രി അടക്കമുള്ള ഉത്സവ സീസണുകളിൽ വലിയ രീതിയിൽ നടക്കാറുള്ള കച്ചവടം ഇത്തവണ 70 ശതമാനംവരെ കുറഞ്ഞതായി അച്ചടി വ്യവസായ രംഗത്തെ ആളുകൾ ചൂണ്ടിക്കാട്ടുന്നു. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും സംഘടനകളും മാഗസിനുകൾ, സപ്ലിമെന്റുകൾ, പുസ്തകങ്ങൾ, കലണ്ടറുകൾ, ഡയറികൾ അടക്കമുള്ളവ പ്രസിദ്ധീകരിക്കുന്നത് പരമാവധി കുറച്ചതായും പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്ന സൂചനകളാണ് ലഭിക്കുന്നതെന്നും ഇവർ പറയുന്നു.
അച്ചടി സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ആളുകളുടെ കാര്യവും ഇതോടെ പ്രതിസന്ധിയിലായിട്ടുണ്ട്. പല സ്ഥാപനങ്ങളും ജീവനക്കാരെ പരമാവധി ഒഴിവാക്കുന്ന സാഹചര്യവും ഉടലെടുത്തിട്ടുണ്ട്. പരസ്യബോർഡുകൾ കരാറടിസ്ഥാനത്തിൽ സ്ഥാപിക്കുന്ന മേഖലയിലെ ആളുകൾക്കും ജോലി ഇല്ലാത്ത അവസ്ഥ ഉടലെടുത്തിട്ടുണ്ട്.
പൊതുസ്ഥലങ്ങളിൽ പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നതിനുള്ള നിർദേശങ്ങൾ കർശനമാക്കിയതോടെ പല വൻകിട പരസ്യദാതാക്കളും ഇതിൽ നിന്ന് പിന്മാറുന്ന അവസ്ഥയുമുണ്ടെന്ന് തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു. സോഷ്യൽ മീഡിയകളും മറ്റ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും അച്ചടി വ്യവസായത്തിന് വലിയ ഭീഷണി നിർത്തുമ്പോഴാണ് കൂടുതൽ പ്രതിസന്ധികൾ ഇവരെ തേടിയെത്തിയിരിക്കുന്നത്.