തിരുവനന്തപുരം; കഴിഞ്ഞ ദിവസം കെപിസിസി ആസ്ഥാനത്തിനു മുന്നിലും തിരുവനന്തപുരം നഗരത്തിന്റെ പല ഭാഗങ്ങളിലും കോൺഗ്രസ് നേതൃത്വത്തിനെതിരായ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ കെ. സുധാകരനെ കെപിസിസി പ്രസിഡന്റ് ആക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് നഗരത്തിൽ ഫ്ലക്സുകള്‍ പ്രത്യക്ഷപ്പെട്ടു.
യൂത്ത് കോൺഗ്രസ്, കെഎസ്യു എന്നീ സംഘടനകളുടെ പേരിലാണ് ഫ്ലക്സ് പോസ്റ്റർ കെപിസിസി ആസ്ഥാനത്ത് പ്രത്യക്ഷപ്പെട്ടത്. ഇത്തരം ഫ്ലക്സുകൾ എംഎൽഎ ഹോസ്റ്റലിനു മുന്നിലും നഗരത്തിന്റെ പല ഭാഗത്തും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ഇനിയൊരു പരീക്ഷണത്തിനു സമയമില്ലെന്നും കെ.സുധാകരനെ വിളിക്കൂ കോൺഗ്രസിനെ രക്ഷിക്കൂ എന്നുമാണ് കെ. സുധാകരന്റെ ചിത്രം പതിച്ച ഫ്ലക്സിലെ ഉള്ളടക്കം.
കോൺഗ്രസുകാർ ബിജെപിയിലേക്ക് പോകുന്നത് നേതാക്കളുടെ കഴിവില്ലായ്മ കാരണമാണെന്ന് കെ.സുധാകരൻ എംപി നേരത്തെ വിമർശനമുന്നയിച്ചിരുന്നു. കെപിസിസി തലത്തിലും ജില്ലാതലത്തിലും അഴിച്ചു പണി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കെ.മുരളീധരനും നേതൃത്വത്തിനെതിരെ രംഗത്തു വന്നിരുന്നു.
കെപിസിസി പിരിച്ചു വിടണമെന്നാവശ്യപ്പെട്ടാണ് വ്യാഴാഴ്ച കെപിസിസി ആസ്ഥാനത്തിനു മുന്നിൽ നോട്ടീസുകൾ പ്രത്യക്ഷപ്പെട്ടത്. തിരുവനന്തപുരത്ത് സീറ്റുകൾ വിറ്റതാണ് കോൺഗ്രസിന്റെ ദയനീയ പരാജയത്തിനു കാരണമെന്നും നേതാക്കളെ പുറത്താക്കണമെന്നുമായിരുന്നു നോട്ടീസിന്റെ ഉള്ളടക്കം.
യുഡിഎഫ് യോഗം
അതേ സമയം തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി വിലയിരുത്താൻ യുഡിഎഫ് യോഗം ഇന്ന് ചേരും. യുഡിഎഫ് യോഗത്തിന് മുൻപേ പി.കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള ലീഗ് നേതാക്കൾ കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.