വിഴിഞ്ഞം: കാഞ്ഞിരംകുളത്ത് രാഷ്ട്രീയ പാർട്ടികളുടെ ഫ്ലക്സ് വിപ്ലവം അതിരുകടന്നു. ഫ്ലക്സ് ബോർഡിനെ ചൊല്ലി പാർട്ടികൾ തമ്മിൽ തർക്കത്തിലെത്തിയത് സംഘർഷത്തിന്റെ വക്കിൽ എത്തിയതോടെ നടപടിയുമായി പോലീസും പഞ്ചായത്തധികൃതരും രംഗത്തിറങ്ങി.
ബോർഡുകളെല്ലാം പോലീസ് തന്നെ നീക്കം ചെയ്യുകയും ചെയ്തു.എൽഡിഎഫും യുഡിഎഫും മുഖ്യമന്ത്രിയെ അനുകൂലിച്ചും പ്രതികൂലിച്ചും ഫ്ലക്സ് ബോർഡുകൾ വച്ചു തുടങ്ങിയതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്.
ജംഗ്ഷനിലും മറ്റും വിവിധ നേതാക്കളുടെ അശ്ലീല കാർട്ടൂണുകൾ അടങ്ങിയ ബോർഡുകളും സ്ഥലത്തു സ്ഥാപിച്ചതോടെ പ്രശ്നം രൂക്ഷമായി.
പാർട്ടി പ്രവർത്തകർ ചേരിതിരിഞ്ഞ് തർക്കമായതോടെ ബോർഡുകൾ എത്രയും വേഗം നീക്കണമെന്നു കാഞ്ഞിരംകുളം പോലീസ് ഇരുപാർട്ടി നേതാക്കൾക്കും നിർദേശം നൽകിയെങ്കിലും ആരും ചെവി കൊണ്ടില്ല.
ഇതിനിടയിൽ ചൊവ്വാഴ്ച രാത്രിയിൽ കൂറ്റൻ ബോർഡുകളിൽ ഒന്ന് സാമൂഹ്യ വിരുദ്ധർ തകർത്തതോടെ തർക്കങ്ങൾ സംഘർഷത്തിന്റെ വക്കിലെത്തി.
അതിനിടെ, ബോർഡ് തകർത്തതിനെതിരെ എൽഡിഎഫ് ഇന്നലെ വൈകുന്നേരം പ്രതിഷേധ യോഗവും സംഘടിപ്പിച്ചു.ബോർഡ് നശിപ്പിച്ചതിനെതിരെ പ
രാതിയുമായി എൽഡിഎഫ് പ്രവർത്തകർ പോലീസിൽ പരാതി നൽകി. ഇതേ തുടർന്ന് പോലീസ് നടപടി ആവശ്യപ്പെട്ട് കാഞ്ഞിരംകുളം പഞ്ചായത്തിന് നോട്ടീസ് നൽകുകയും ഇന്നലെ ഉച്ചയോടെ പോലീസും പഞ്ചായത്ത് അധികൃതരും ചേർന്ന് ജംഗ്ഷനിലെ എല്ലാത്തരം ഫ്ലക്സ് ബോർഡുകളും നീക്കം ചെയ്യുകയുമായിരുന്നു.
ജംഗ്ഷനിൽ നിന്നു നീക്കിയ ഫ്ളക്സുകൾ പോലീസ് സ്റ്റേഷൻ കോന്പൗണ്ടിലേക്കു മാറ്റി.