ന്യൂഡൽഹി: ഒന്നിലധികം ഇന്ധനങ്ങൾ ഉപയോഗിക്കാവുന്ന ഫ്ളക്സ് ഫ്യുവൽ എൻജിൻ വാഹനങ്ങൾ ഇന്ത്യയിലേക്കും.
പെട്രോളിന്റെയും ഡീസലിന്റെയും കത്തുന്ന വിലവർധനയ്ക്കിടെ ആശ്വാസമായി കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുടെ പ്രഖ്യാപനം. മൂന്നോ നാലോ മാസത്തിനുള്ളിൽ ഇതിനുള്ള ഉത്തരവ് ഇറക്കുമെന്നു മന്ത്രി വ്യക്തമാക്കി.
ഫ്ളക്സ് എൻജിൻ വാഹനങ്ങളിൽ പെട്രോളിന്റെയും എഥനോളിന്റെയും മിശ്രിതമോ എഥനോൾ മാത്രമായോ ഉപയോഗിക്കാം.
നിലവിലെ നിയമം അനുസരിച്ച് പെട്രോളിൽ 10% എഥനോൾ ചേർക്കാനേ അനുമതിയുള്ളൂ. 2025ൽ പെട്രോളിൽ ചേർക്കാവുന്ന എഥനോളിന്റെ അളവ് 20% ആക്കിക്കൊണ്ടുള്ള നിയമം വരും.
10% എഥനോൾ കലർത്തിയ പെട്രോൾ ഇപ്പോൾ രാജ്യത്ത് 15 സംസ്ഥാനങ്ങളിൽ മാത്രമേ ലഭിക്കുന്നുള്ളൂ.
ഒറ്റ ഇന്ധനത്തിൽ മാത്രം പ്രവർത്തിക്കുന്ന വാഹനങ്ങൾ മാത്രമേ ഇന്ത്യയിലുള്ളൂ. ആറുമാസത്തിനുള്ളിൽ വാഹനനിർമാതാക്കൾ രണ്ടു തരം ഇന്ധനങ്ങൾ ഉപയോഗിക്കാവുന്ന വാഹനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഈ മാസം ആദ്യം മന്ത്രി പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം നടന്ന കോണ്ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി യോഗത്തിൽ രാജ്യത്തെ പൊതു ഗതാഗത സംവിധാനങ്ങൾ ബയോ സിഎൻജി, എഥനോൾ, മെത്തനോൾ, വൈദ്യുതി, ഗ്രീൻ ഹൈഡ്രജൻ തുടങ്ങി ഇന്ധനങ്ങളിലേക്കു മാറ്റുമെന്ന് നിതിൻ ഗഡ്കരി പറഞ്ഞിരുന്നു.
രാജ്യത്തെ സാന്പത്തികരംഗം ക്ലീൻ എനർജി അടിസ്ഥാനത്തിലുള്ളതാക്കി മാറ്റുന്നതിന്റെ ഭാഗമാണ് എഥനോളിന്റെ ഉപയോഗത്തിലൂടെ ലക്ഷ്യമാക്കുന്നത്.
2025-2026 വർഷം വരെ എഥനോളിന്റെ ഉത്പാദനത്തിനും വിതരണത്തിനുമുള്ള പദ്ധതി രൂപീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കരിന്പ്, ചോളം, ഗോതന്പ് എന്നിവയിൽനിന്ന് എഥനോൾ ഉത്പാദിപ്പിക്കാനുള്ള പദ്ധതി ആവിഷ്കരിക്കുന്നതോടെ കർഷകർക്കും നേട്ടമുണ്ടാകും.
• വാഹന നിർമാതാക്കൾ നിർബന്ധമായും ഫ്ളക്സ് ഫ്യുവൽ വാഹനങ്ങൾ നിർമിക്കണം.
• ഫ്ളക്സ് എൻജിൻ വാഹനത്തിനുള്ള ആദ്യനിർദേശം ബിഎംഡബ്ല്യുവിനായിരിക്കും
• 100% ശുദ്ധമായ എഥനോൾ ലഭിക്കുന്ന പന്പുകൾ രാജ്യത്ത് ആറു മാസത്തിനുള്ളിൽ സജ്ജീകരിക്കും.
• എഥനോൾ ലഭ്യതയുടെ ഉത്തരവാദിത്തം സർക്കാരിൽ നിക്ഷിപ്തമായിരിക്കും.
• എഥനോൾ ഉത്പാദനത്തിനായി ഇന്ത്യൻ ഓയിൽ കോർപറേഷൻ 2,500 കോടി നിക്ഷേപിക്കും.
• കരിന്പിൽനിന്നുള്ള എഥനോൾ ഉത്പാദനത്തിലേക്കു തിരിയാൻ പഞ്ചസാര മില്ലുകളെ പ്രാപ്തമാക്കും.
വാഹനവില കൂടും
സൊസൈറ്റി ഓഫ് ഓട്ടോമൊബൈൽ മാനുഫാക്ചേഴ്സിന്റെ കണക്കുകൂട്ടൽ അനുസരിച്ച് ഫ്ളക്സ് ഫ്യൂവൽ എൻജിനിലേക്കു മാറുന്പോൾ കാറുകൾക്ക് 25,000 രൂപയും ഇരുചക്ര വാഹനങ്ങൾക്ക് 5,000 മുതൽ 12,000 രൂപവരെയും വില വർധിക്കും.
വാഹന എൻജിനുകൾക്കു പെട്രോൾ നൽകുന്നതിലും 25% കുറവ് ഊർജമേ എഥനോളിനു നൽകാൻ കഴിയൂ.
അതിനാൽ അളവ് കൂടുതൽ വേണ്ടിവരും. പൂർണമായും എഥനോളിലേക്കു മാറുന്പോൾ വാഹനങ്ങളിലെ സുരക്ഷാ സംവിധാനങ്ങളിലും അതിനനുസരിച്ചു മാറ്റം വരുത്തേണ്ടി വരും.
20% ശതമാനം എഥനോൾ കലർത്തിയ പെട്രോൾ (ഇ20) ചില സംസ്ഥാനങ്ങളിൽ മാത്രമായി ഒതുക്കാതെ രാജ്യവ്യാപകമായി ലഭ്യമാക്കണമെന്ന് വാഹനനിർമാതാക്കൾ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഹൈ കംപ്രഷൻ എൻജിനുകളിൽ എഥനോൾ ഫലപ്രദമല്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
-സെബി മാത്യു