ജോണ്സണ് വേങ്ങത്തടം
കൊച്ചി: പൊതുനിരത്തുകളില്‍ അനധികൃതമായി സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡുകള്‍, കൊടിതോരണങ്ങള്‍ എന്നിവ നീക്കം ചെയ്യണമെന്നു ഹൈക്കോടതി ആവർത്തിച്ച് ഉത്തരവിടുന്പോഴും വിധി നടപ്പാക്കാൻ വിധി നടപ്പാക്കുന്നതില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു വിമുഖത.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ അനധികൃത പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതിനു മുഴുവന്‍ തദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്കും കര്‍ശനമായ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും പേരിനു മാത്രം നടപടി സ്വീകരിക്കാനാണ് ഇവര്‍ തയാറായിട്ടുള്ളതെന്നു രേഖകള്‍ വ്യക്തമാക്കുന്നു.
സംസ്ഥാനത്ത് ഇതുവരെ 1,97,887 ഫ്ളക്സ് ബോര്‍ഡുകളും കൊടിതോരണങ്ങളും എടുത്തു മാറ്റി 30,08,544 രൂപ പിഴ ഈടാക്കിയിട്ടുണ്ട്. കോര്‍പറേഷനില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ തുക പിഴ ഈടാക്കിയിരിക്കുന്നത്. 21,40,028 രൂപ.
ജില്ലാ ആസ്ഥാനത്തുനിന്നും 98285 രൂപ മാത്രമാണു പിഴ ചുമത്തിയത്. പഞ്ചായത്ത് തലത്തില്‍ ഇതുവരെയും 238278 അനധികൃത ബോര്‍ഡുകളും നഗരസഭാതലത്തിലും കോര്‍പറേഷനുകളിലുമായി 197857 എണ്ണവുമാണ് നീക്കം ചെയ്തിരിക്കുന്നത്. പഞ്ചായത്തുകളില്‍ പിഴയായി 3,46,733 രൂപയും നഗരസഭകളിൽ പിഴയായി 7,70,231 രൂപയും ഈടാക്കി.
ഹൈക്കോടതി ഇടപെട്ടു സര്‍ക്കാര്‍ ഉത്തരവിറക്കിയതിനെ തുടര്‍ന്നു ആദ്യത്തെ മൂന്നു ആഴ്ചയില്‍ തദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സജീവമായി നടപടി എടുത്തിരുന്നു.
എന്നാല്‍ ഉദ്യോഗസ്ഥര്‍ നടപടികളില്‍നിന്നും പതിയെ പിന്തിരിഞ്ഞതോടെ വീണ്ടും ഫ്ളക്സ് ബോര്‍ഡുകളും അനധികൃത ബോര്‍ഡുകളും നിരത്തില്‍ നിറഞ്ഞു.
സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഫ്ളക്സ് ബോര്‍ഡുകളും അനധികൃത ബോര്‍ഡുകളും നീക്കം ചെയ്തിട്ടും പിഴ ഈടാക്കാത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമുണ്ട്. കോഴിക്കോട് ജില്ലയിലെ 70 പഞ്ചായത്തുകളില്‍ നിന്നായി 3474 ബോര്‍ഡുകള്‍ എണ്ണം നീക്കം ചെയ്തെങ്കിലും പിഴ ഈടാക്കിയില്ല.
തലശേരിയില്‍ നിന്നും 336 എണ്ണം നീക്കിയെങ്കിലും പിഴയില്ല. പതിനാറു നഗരസഭകള്‍ ബോര്‍ഡുകള്‍ നീക്കം ചെയ്തുവെങ്കിലും പിഴ ഈടാക്കുന്നതില്‍ വിമുഖത കാണിച്ചു.
പഞ്ചായത്തുകളില്‍ എറണാകുളം ജില്ലയില്‍നിന്നുമാണ് ഏറ്റവും കൂടുതല്‍ തുക പിഴ ഈടാക്കിയത്. 82 ഗ്രാമപഞ്ചായത്തുകളില്‍ നിന്നുമായി 57,470 രൂപ പിഴ പിരിച്ചു. കോര്‍പറേഷനുകളില്‍ തിരുവനന്തപുരം 10,29,461 രൂപ പിഴ ഈടാക്കി.
കൊച്ചി കോര്പറേഷന് വെറും 24,000 രൂപ മാത്രമാണ് പിഴ ഈടാക്കിയത്. നഗരസഭകളില്‍ ആലുവയില്‍നിന്നും ഒരു ലക്ഷം രൂപ പിഴ ഈടാക്കിയിട്ടുണ്ട്.