കോട്ടയം: സ്ഥാനാർഥികളുടെയും അണികളുടെയും ശ്രദ്ധയ്ക്ക്, അവർ പണി തുടങ്ങി.
ഇനി അനധികൃതമായി സ്ഥാപിക്കുന്ന പ്രചാരണ സാമഗ്രികൾ കാണാതായാൽ എതിർ സ്ഥാനാർഥിയേയും പ്രവർത്തകരേയും പഴിചാരരുത്. അതു ചെയ്യുന്നത് ആന്റി ഡീഫേസ്മെന്റ് സ്ക്വാഡുകളാണ്.
ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലായി വിവിധ കേന്ദ്രങ്ങളിൽ അനധികൃതമായി സ്ഥാപിച്ച 1468 പ്രചരണ സാമഗ്രികളാണ് ആന്റി ഡീഫേസ്മെന്റ് സ്ക്വാഡുകൾ നീക്കം ചെയ്തത്. ഇതിൽ 1192 പോസ്റ്ററുകളും 276 ബോർഡുകളും ഉൾപ്പെടുന്നു.
തെരഞ്ഞെടുപ്പു പെരുമാറ്റ ചട്ടപ്രകാരമുള്ള ഇടപെടലാണ് ജില്ലാ, താലൂക്ക്തല ആന്റി ഡീഫേസ്മെന്റ് സ്ക്വാഡ് നിർവഹിക്കുന്നത്. ഈ ദിവസങ്ങളിലായി വൈക്കം -219, മീനച്ചിൽ – 428, ചങ്ങനാശേരി -466, കാഞ്ഞിരപ്പള്ളി – 309, കോട്ടയം – 46 എന്നിങ്ങനെയാണ് വിവിധ താലൂക്കുകളിൽ നീക്കം ചെയ്ത പ്രചാരണ സാമഗ്രികളുടെ എണ്ണം.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗനിർദേശങ്ങൾ ലംഘിച്ചതിനാണ് നടപടി.
ഇതിനു പുറമേ അനുവദനീയമല്ലാത്ത സ്ഥലങ്ങളിലെ ചുവരെഴുത്തുകൾ കരി ഓയിൽ ഉപയോഗിച്ച് മായ്ക്കുകയും നോട്ടീസുകൾ, പോസ്റ്ററുകൾ, ബാനറുകൾ, ബോർഡുകൾ എന്നിവ ഇളക്കി മാറ്റുകയും ചെയ്യുന്നുണ്ട്.
എഡിഎം അനിൽ ഉമ്മനാണ് ആന്റി ഡിഫേസ്മെന്റ് പ്രവർത്തനങ്ങളുടെ ജില്ലാതല ഏകോപനം നിർവഹിക്കുന്നത്. തഹസിൽദാർമാരാണ് താലൂക്ക്തല നോഡൽ ഓഫീസർമാർ.