ടെഹ്റാൻ: യുക്രെയിൻ വിമാനം അബദ്ധത്തിൽ തകർത്തതാണെന്ന് സമ്മതിച്ച് ഇറാൻ. ഇറാൻ സൈന്യം പത്രക്കുറുപ്പിലൂടെയാണ് വിമാനം തകർത്തത് തങ്ങളുടെ കൈയബദ്ധം കൊണ്ടാണെന്ന് സമ്മതിച്ചത്. വിമാനം ഇറാന്റെ മിസൈൽ പതിച്ച് തകർന്ന് വീണതാണെന്ന് ആരോപിച്ച് യുഎസിന് പുറമേ കാനഡയും ബ്രിട്ടനും രംഗത്ത് എത്തിയിരുന്നു. ഇത് സാധൂകരിക്കുന്ന നിരവധി രഹസ്യ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞിരുന്നു.
’ഇത് മനഃപൂർവ്വമായിരിക്കില്ലെന്ന് ഞങ്ങൾക്കറിയാം. എന്നിരുന്നാലും മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും കനേഡിയൻ ജനതയ്ക്കും തനിക്കും ഇക്കാര്യത്തിൽ ഉത്തരം ലഭിക്കേണ്ടതുണ്ട്’ -ട്രൂഡോ പറഞ്ഞു.
സാങ്കേതിക തകരാറാണ് അപകടത്തിനു കാരണമെന്നായിരുന്നു ഇറാന്റെ ആദ്യ വിശദീകരണം. 8,000 അടി ഉയരത്തിലെത്തിയതോടെ വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായി. അസാധാരണ സാഹചര്യത്തെക്കുറിച്ച് പൈലറ്റ് റേഡിയോ സന്ദേശങ്ങൾ അയച്ചിട്ടില്ല. വിമാനത്തിൽ തീ ദൃശ്യമായിരുന്നു.
വിമാനത്താവളത്തിലുണ്ടായിരുന്ന ദൃക്സാക്ഷികളെ ചോദ്യം ചെയ്തിരുന്നു. അപകടത്തിൽപ്പെട്ട ബോയിംഗ് 737 വിമാനത്തിനു മുകളിലൂടെ പറന്ന മറ്റൊരു വിമാനത്തിലെ ദൃക്സാക്ഷികളുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നുവെന്നും ഇറാൻ പറഞ്ഞിരുന്നു.
ഇറേനിയൻ തലസ്ഥാനമായ ടെഹ്റാനിൽനിന്ന് യുക്രെയിൻ തലസ്ഥാനമായ കീവിലേക്കു പുറപ്പെട്ട യാത്രാവിമാനമാണ് പറന്നുയർന്ന ഉടൻ തകർന്നുവീണത്. 167 യാത്രക്കാരും ഒന്പതു ജീവനക്കാരും അടക്കം വിമാനത്തിലുണ്ടായിരുന്ന 176 പേരും മരിച്ചു. ഇതിൽ ഭൂരിഭാഗവും ഇറാൻ, കാനഡ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ്.