സ്വന്തം ലേഖകൻ
തൃശൂർ: സ്വരാജ് റൗണ്ടിൽ വിമാനമിറങ്ങിയതു കണ്ട് പലരും അന്പരന്നു. അന്പരപ്പു മാറുന്നതിനു മുന്പേ ചിലർ ഓടി അരികിലെത്തി സെൽഫിയെടുത്തു.
അപ്പോഴാണ് മനസിലായതു വിമാനം വഴിതെറ്റി പറന്നിറങ്ങിയതല്ല, അതൊരു സമരവിമാനമാണെന്ന്.
പ്രവാസികളുടെ യാത്രാവിലക്ക് അവസാനിപ്പിക്കണമെന്നും വാക്സിനു മുൻഗണന നൽകണമെന്നും ആവശ്യപ്പെട്ട് കോണ്ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വിമാന സമരയാത്ര തൃശൂർ നഗരത്തിൽ അത്യപൂർവമായ കാഴ്ചയായി.
വിവിധ ദേശക്കാരുടെ വേഷങ്ങളുമായി പത്തു യാത്രക്കാരുമായാണ് വിമാനത്തിൽ സമരയാത്ര തുടങ്ങിയത്. തൃശൂർ പട്ടാളം റോഡിലെ ബിഎസ്എൻഎൽ ഓഫീസിനു മുന്നിൽനിന്നാണു യാത്ര ആരംഭിച്ചത്.
നഗരത്തിലെ 14 കേന്ദ്രങ്ങളിൽ വിമാനസമരം എത്തി. ഈ 14 കേന്ദ്രങ്ങളും ലോകത്തെ വിവിധ രാജ്യങ്ങളിലെ രാജ്യാന്തര വിമാനത്താവളങ്ങളെന്നു നാമകരണം ചെയ്തു ബോർഡ് സ്ഥാപിച്ചായിരുന്നു സമരം.
ഡൽഹി വിമാനത്താവളമെന്നു നാമകരണം ചെയ്ത ബിഎസ്എൻഎൽ ഓഫീസ് പരിസരത്തു പ്രവാസി കോണ്ഗ്രസ് പ്രവർത്തകരാണ് സംഗമിച്ചതെങ്കിൽ മറ്റിടങ്ങളിൽ ഓരോ നിയോജകമണ്ഡലങ്ങളിലേയും പ്രവർത്തകർ സംഗിച്ചു.
കോർപറേഷൻ ഓഫീസിനു മുൻവശം ദുബായ് വിമാനത്താവളമെന്നും രാഗം തിയേറ്ററിനു മുൻവശം മസ്കറ്റ് വിമാനത്താവളമെന്നും നാമകരണം ചെയ്തു. സമാപിച്ച ഏജീസ് ഓഫീസ് പരിസരം ന്യൂസിലൻഡ് വിമാനത്താവളമായിരുന്നു.
പെട്ടി ഓട്ടോറിക്ഷയിൽ ഫ്രെയിം വെൽഡ് ചെയ്താണു വിമാനരൂപത്തിലാക്കിയത്.
അത്യപൂർവമായ വിമാനസമരം ഡൽഹിയിൽ പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കുന്ന എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഓണ്ലൈനിലൂടെ ഉദ്ഘാടനം ചെയ്തു. ടി.എൻ. പ്രതാപൻ എംപിയും പ്രസംഗിച്ചു.
ഡിസിസി പ്രസിഡന്റ് എം.പി. വിൻസന്റ്, ഭാരവാഹികളായ ജോസഫ് ചാലിശേരി, രാജേന്ദ്രൻ അരങ്ങത്ത്, പ്രഫ. ജോണ് സിറിയക്, മുൻ മേയർ രാജൻ പല്ലൻ, സി.ഡി. ആന്റസ്, ഉസ്മാൻ തുടങ്ങിയവർ പ്രസംഗിച്ചു.