നിയന്ത്രണം നഷ്ടപ്പട്ട വിമാനം ഇടിച്ചു തകരുന്നതിനു മുമ്പ് റോഡിൽ കൂടി ചിറക് ഉരസി പറന്നു പോകുന്നതിന്റെ ഭീതിജനകമായ ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ പ്രചരിക്കുന്നു. കാനഡയിലെ മർക്ക്ഹാമിലാണ് സംഭവം.
ഒറ്റ എഞ്ചിനുള്ള ചെറിയ വിമാനത്തിനാണ് ബോട്ടൻവില്ല എയർപോർട്ടിൽ നിന്നും പറന്നുയർന്നതിനു പിന്നാലെ നിയന്ത്രണം നഷ്ടമായത്. തീർത്തും താഴ്ന്ന് പറന്ന വിമാനത്തിന്റെ ചിറക് തിരക്കേറിയ റോഡിൽ ഉരസി പോകുകയായിരുന്നു. റോഡിൽ കൂടി പോയ ഒരു കാറിന്റെ ഡാഷ്കാമിലാണ് ഈ അപകടത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. ഈ കാറിനു തൊട്ടു മുമ്പിൽ കൂടിയാണ് വിമാനം കടന്നു പോയത്.
ഇതിനു തൊട്ടുപിന്നാലെ വിമാനം തകർന്നുവെങ്കിലും അതിനുള്ളിലുണ്ടായിരുന്ന രണ്ടുപേർ നിസാര പരിക്കുകളോടെ രക്ഷപെട്ടിരുന്നു. സംഭവത്തിൽ മറ്റ് കുഴപ്പങ്ങളൊന്നുമുണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.