മുംബൈ: വിമാനത്താവളങ്ങളിൽ ഏറിവരുന്ന അപകടങ്ങളും സുരക്ഷാവീഴ്ചകളും പരിഗണിച്ച് വിമാനത്താവള ജീവനക്കാരെ ബ്രെത് അനലൈസർ (ബിഎ)ടെസ്റ്റിനു വിധേയമാക്കുന്നതു പതിവാക്കാനൊരുങ്ങി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(ഡിജിസിഎ).
കഴിഞ്ഞ മാസം 17 മുതൽ ഈമാസം 22വരെയുള്ള കാലയളവിൽ രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലായി നടത്തിയ മിന്നൽ പരിശോധനയിൽ നിരവധി ജീവനക്കാര്‍ മദ്യപിച്ചതായി കണ്ടെത്തിയിരുന്നു. വിമാനത്താവളങ്ങളിൽ ജീവനക്കാരുടെ ശ്രദ്ധക്കുറവിനെത്തുടർന്ന് അപകടങ്ങൾ ഏറിവരുന്നത് പതിവായ സാഹചര്യത്തിലാണു ഡിജിസിഎയുടെ നേതൃത്വത്തിൽ വിമാനത്താവളങ്ങളിൽ മിന്നൽ പരിശോധന നടത്തിയത്.
അടുത്ത മാസം മുതൽ സ്ഥിരം പരിശോധനാ സമ്പ്രദായം നിലവിൽ വരുമെന്നും സുരക്ഷാ പ്രാധാന്യമുള്ള വിഭാഗങ്ങൾ കൈകാര്യം ചെയ്യുന്നവരെയാണു പരിശോധനയ്ക്കു വിധേയമാക്കുന്നതെന്നും ഡിജിസിഎ തലവൻ അരുണ്‍ കുമാർ പറഞ്ഞു. ഏതാനും വിമാനത്താവളങ്ങളിൽ ഈ മാസം രണ്ടു മുതൽ ഇത്തരത്തിലുള്ള പരിശോധന ആരംഭിച്ചിരുന്നു.
എയർക്രാഫ്റ്റ് മെയിന്റനൻസ്, എയർട്രാഫിക് കണ്ട്രോൾ സർവീസ്, എയർപോർട്ട് ഓപ്പറേഷൻ, ഗ്രൗണ്ട് ഹാൻഡ്ലിംഗ് സർവീസസ് തുടങ്ങിയ വിഭാഗങ്ങളിലുള്ള ജീവനക്കാരെയാകും പ്രധാനമായും പരിശോധനകൾക്കു വിധേയരാക്കുക.
കാബിൻക്രൂ, പൈലറ്റ് എന്നിവർക്കു മാത്രമായിരുന്നു ഇതുവരെ ബിഎ പരിശോധന നടത്തിയിരുന്നത്.