സ്വന്തമായി വാഹനങ്ങളില്ലാത്ത വീടുകൾ ഇന്നു കുറവാണ്. എന്നാൽ സ്വന്തമായി വിമാനങ്ങളുള്ള വീട്ടുകാർ മാത്രം താമസിക്കുന്ന ഒരു പട്ടണത്തെക്കുറിച്ച് ഊഹിക്കാനാകുമോ? അങ്ങനെയൊരു പട്ടണമുണ്ട് അമേരിക്കയിലെ കാലിഫോർണിയയിൽ. ഇവിടെയുള്ള കാമറൂൺ എയർപാർക്കിനെക്കുറിച്ചാണു പറഞ്ഞുവരുന്നത്. വിരമിച്ച സൈനിക പൈലറ്റുമാർക്കു വേണ്ടിയുള്ളതാണ് ഈ പട്ടണം. ഇവിടത്തെ എല്ലാ വീടുകളിലും സ്വന്തമായി സ്വകാര്യ ജെറ്റ് ഉണ്ട്. നമ്മൾ കാറുകളിൽ സഞ്ചരിക്കുന്നതുപോലെ ഇവിടത്തുകാർ ജോലിക്കും മറ്റും സ്വകാര്യ ജെറ്റിലാണു യാത്ര.
1963ലാണ് ഈ പട്ടണത്തിൽ ജനവാസം ആരംഭിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം അമേരിക്കയിൽ നിരവധി എയർഫീൽഡുകൾ ഉപയോഗിക്കാതെ ഉപേക്ഷിക്കപ്പെട്ടു. ഈ സ്ഥലങ്ങൾ നശിച്ചു പോകാതിരിക്കുന്നതിനായി അവയെ വ്യോമയാന അഥോറിറ്റി റെസിഡൻഷൽ എയർപാർക്കുകളാക്കി മാറ്റി. സ്വന്തമായി ജെറ്റ് ഉള്ള ആളുകൾക്ക് മാത്രമേ ഇവിടെ താമസിക്കാൻ കഴിയൂ.
ഈ പട്ടണങ്ങളിലെ റോഡുകൾ സ്വകാര്യ വിമാനങ്ങൾക്ക് വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കുവേണ്ടി നിർമിച്ചിട്ടുള്ളതാണ്. 124 വീടുകളാണ് ഈ പട്ടണത്തിലുള്ളത്. ബോയിംഗ് റോഡ്, സെസ്ന ഡ്രൈവ് എന്നിങ്ങനെയാണു തെരുവുകളുടെയും മറ്റും പേരുകൾ. ഇവിടെ താമസിക്കുന്നവരുടെ അനുവാദമില്ലാതെ പുറമേനിന്നുള്ള ആർക്കും ഇങ്ങോട്ടു പ്രവേശനമില്ല.