ചെറുതോണി: വിമാനം പറപ്പിക്കാന്‍ ഇടുക്കിയില്നിന്നൊരു മിടുക്കിയും. ഇടുക്കി എൻജിനിയറിംഗ് കോളജിലെ ഡ്രൈവര്‍ പുളിക്കത്തൊട്ടി കാവുംവാതുക്കല്‍ റോയിയുടേയും മേഴ്സിയുടെയും മകള്‍ നിസിമോള്‍ റോയി (21) ആണ് ഇടുക്കിയുടെ അഭിമാനമായത്. രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയുടെ എന്‍ട്രന്‍സ് പരീക്ഷയില്‍ എസ്ടി വിഭാഗത്തിലാണ് നിസിമോൾ ഒന്നാം റാങ്ക് കരസ്ഥമാക്കിയത്.
സര്‍ക്കാരിന്റെ വിംഗ്സ് പദ്ധതി പ്രകാരം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് പരിശീലനത്തിന് ചേരുന്നത്. എന്‍ഐടിയില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ് നിസി.
ചെറുപ്പം മുതലേ പൈലറ്റാവാന്‍ ആഗ്രഹിച്ചിരുന്ന നിസി അതിനുള്ള ശ്രമം ആരംഭിച്ചിരുന്നു. പൈലറ്റ് ആകാനുള്ള കോഴ്സിന് അര്‍ഹത നേടിയതിനെ തുടര്‍ന്ന് എന്‍ഐടിയിലെ പഠനം അവസാനിപ്പിച്ചു. ഫെബ്രുവരി പകുതിയോടെ പരിശീലനത്തിന് ചേരും.
കോഴ്സ് പഠനത്തിനാവശ്യമായ സ്കോളര്‍ഷിപ്പ് സര്‍ക്കാര്‍ നല്‍കും. പൈനാവ് പോളിടെക്നിക്ക് കോളജ് വിദ്യാർഥി സാമുവല്‍ ആണ് സഹോദരന്. ജില്ലയിൽനിന്ന് ആദ്യമായാണ് എസ്ടി വിഭാഗത്തില്‍പ്പെട്ട ഒരു കുട്ടിക്ക് പൈലറ്റാവാന്‍ അവസരം ലഭിക്കുന്നത്.