ടെഹ്റാൻ: ഇറാനിൽ അബദ്ധത്തിൽ മിസൈൽ പ്രയോഗിച്ച് യുക്രെയ്ൻ വിമാനം വീഴ്ത്തി 176 പേരുടെ മരണത്തിനിടയാക്കിയ സംഭവം കാമറയിൽ പകർത്തിയ ആൾ അറസ്റ്റിൽ. ഇറാൻ റെവലൂഷനറി ഗാർഡ്സ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തേക്കുമെന്നാണ് അറിയുന്നത്. വിമാനം തകർന്നു വീഴുന്നതിന്റെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ആളാണ് അറസ്റ്റിലായിരിക്കുന്നത്.
ലണ്ടൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇറാനിയൻ മാധ്യമപ്രവർത്തകൻ ഈ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ തനിക്ക് വീഡിയോ കൈമാറിയ ആൾ സുരക്ഷിതനാണെന്നും തെറ്റായ വ്യക്തിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തതെന്നും ഇയാൾ പറയുന്നു.
ഇതിനിടെ വിമാന ദുരന്തക്കേസിൽ ഏതാനും പേരെ അറസ്റ്റ് ചെയ്തെന്ന് ജുഡീഷറി വക്താവ് ഗുലാം ഹുസൈൻ ഇസ്മയിൽ അറിയിച്ചു. എത്രപേർ അറസ്റ്റി ലായെന്നും മറ്റുമുള്ള വിശദ വിവരങ്ങൾ വ്യക്തമല്ല. പ്രത്യേക കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്നു ഇറാൻ പ്രസിഡന്റ് ഹസൻ റുഹാനി നിർ ദേശിച്ചു. മിസൈൽ തൊടുത്തുവിടാനുള്ള ബട്ടൺ അമർത്തിയ ഒരാളിൽമാത്രം ഉത്തരവാദിത്വം ഒതുങ്ങില്ല. ബന്ധപ്പെട്ട എല്ലാവരെയും കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരേണ്ടതുണ്ടെന്നു റുഹാനി ടിവി പ്രസംഗത്തിൽ പറഞ്ഞു.
വിമാന ദുരന്തത്തിന്റെ യഥാർഥ കാരണം വിശദീകരിക്കാൻ അധികൃതർ കാലതാമസം വരുത്തിയതിനെക്കുറിച്ചും അന്വേഷണമെന്ന് റുഹാനി പറഞ്ഞു. ദുരന്ത മുണ്ടായ ബുധനാഴ്ച മുതൽ വെള്ളിയാഴ്ച സുപ്രീം നാഷണൽ കൗൺസിൽ ചേർന്നതു വരെ നടന്ന എല്ലാ സംഭവങ്ങളും ബന്ധപ്പെട്ടവർ ജനങ്ങളോടു വിശദീക രിക്കണം. മേലിൽ ഇത്തരം സംഭവം ആവർത്തിക്കില്ലെന്ന് ഇറാൻ ജനതയ്ക്ക് ഉറപ്പു ലഭിക്കുകയും വേണം.
ഈ മാസം മൂന്നിന് അമേരിക്കൻ ഡ്രോൺ ആക്രമണത്തിൽ ഖുദ്സ് ഫോഴ്സ് കമാൻഡർ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിനെത്തുടർന്ന് ഇറാൻ ഇറാക്കിലെ യുഎസ് താവളങ്ങൾക്കു നേരേ മിസൈൽ ആക്രമണം നടത്തിയിരുന്നു. അമേരിക്കയുടെ പ്രതികാര നടപടി ഭയന്ന് രാജ്യം ഏറെ ജാഗ്രതയിലുമായിരുന്നു. ആ സ മയത്താണ് ടെഹ്റാനിൽ നിന്ന് യുക്രെയ്ൻ തലസ്ഥാനമായ കീവിലേക്കു പോകാൻ പറന്നുയർന്ന വിമാനം മിസൈലേറ്റു വീണത്.
ആദ്യം നിഷേധിച്ചെങ്കിലും അ ബദ്ധത്തിൽ വിമാനത്തിനു നേർക്കു മിസൈൽ പ്രയോഗിച്ചത് തങ്ങളുടെ സൈന്യമാണെന്ന് ഇറാൻ പിന്നീടു സമ്മതിച്ചു. കനേഡിയൻ സ്വദേശികൾ ഉൾപ്പെടെ വി മാനത്തിലുണ്ടായിരുന്ന 176 പേരും കൊല്ലപ്പെട്ടു. അമേരിക്ക അയച്ച ക്രൂസ് മിസൈലാണെന്നു തെറ്റിദ്ധരിച്ചാണു വിമാനത്തിനു നേർക്ക് മിസൈൽ അയച്ചതെന്ന് ഇറാൻ സൈനിക വക്താവ് പറഞ്ഞു.