ഓസ്ട്രേലിയയിലെ സിഡ്നി വിമാനത്താവളത്തിലെ ഒരു വിമാനത്തിൽ പറക്കലിനുമുന്പുള്ള സുരക്ഷാ പരിശോധനകൾ നടത്തുകയായിരുന്നു ഉദ്യോഗസ്ഥർ. പരിശോധനയ്ക്കായി വിമാനത്തിന്റെ എൻജിൻ തുറന്നപ്പോൾ കണ്ട കാഴ്ച ഉദ്യോഗസ്ഥരെ ശരിക്കും ഞെട്ടിച്ചു.
എൻജിന്റെ ഉള്ളിലിരുന്ന് ഒരു മൂങ്ങ സുഖമായി ഉറങ്ങുന്നു. സാധാരണ മനുഷ്യരുമായി വല്യ സഹവാസത്തിനൊന്നും വരാത്ത മൂങ്ങ എങ്ങനെ വിമാനത്തിന്റെ എൻജിനുള്ളിൽ കയറിപ്പറ്റി എന്ന് എത്ര പരിശോധിച്ചിട്ടും കണ്ടെത്താനായില്ല. ഏതായാലും ഒടുവിൽ ഉദ്യോഗസ്ഥരെല്ലാം ചേർന്ന് മൂങ്ങയെ പിടിച്ച് കാട്ടിലേക്ക് അയച്ചു.
ഇത് ആദ്യമായല്ല ക്ഷണിക്കാത്ത അതിഥികളായി പക്ഷികൾ വിമാനത്തിലെത്തുന്നത്. ഈ വർഷം ആദ്യം സിംഗപ്പൂരിൽനിന്നും ലണ്ടനിലേക്ക് പറന്ന ഒരു വിമാനത്തിൽ ആരും അറിയാതെ ഒരു മൈന യാത്ര ചെയ്തിരുന്നു. ലണ്ടനിലെത്തിയപ്പോഴാണ് വിമാനത്തിൽ മൈനയുണ്ടെന്ന കാര്യം അധികൃതർ അറിഞ്ഞത്.