ദുബായ്: ഇന്ത്യയിൽനിന്നുള്ളവർക്ക് നാളെ മുതൽ യുഎഇയിൽ പ്രവേശനവിലക്ക് ഏർപ്പെടുത്തി.
പത്തു ദിവസത്തേക്കാണു വിലക്ക്. സ്ഥിതിഗതികൾ വിലയിരുത്തിയശേഷം മാത്രം തീരുമാനം പുനഃപരിശോധിക്കുമെന്നാണ് വിവരം. ഇന്ത്യയിൽ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണു നടപടി.
കഴിഞ്ഞ 14 ദിവസം ഇന്ത്യയിൽ തങ്ങുകയോ ഇതുവഴി ട്രാൻസിറ്റ് ചെയ്യുകയോ ചെയ്ത യാത്രക്കാരെയും യുഎഇയിലേക്കു വരാൻ അനുവദിക്കില്ല.
ഇതു സംബന്ധിച്ച് നിർദേശം വിമാനക്കന്പനികൾക്കു നല്കിയതായി അറിയുന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ളവർക്ക് ഒമാനിൽ പ്രവേശിക്കുന്നതിനു വിലക്കേർപ്പെടുത്തി.
കോവിഡ് വ്യാപനം അതിരൂക്ഷമായതിന്റെ പശ്ചാത്തലത്തിലാണു തീരുമാനം. യാത്രാവിലക്ക് നാളെ വൈകുന്നേരം ആറിനു നിലവിൽ വരും. പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്നുള്ളവർക്കും വിലക്കുണ്ട്.
ഇന്ത്യയിൽനിന്നുള്ള വിമാനസർവീസുകൾ വെട്ടിക്കുറച്ച് ഓസ്ട്രേലിയ
മെൽബണ്: ഇന്ത്യയുൾപ്പെടെ കോവിഡ് വ്യാപനം രൂക്ഷമായ രാജ്യങ്ങളിൽനിന്നുള്ള വിമാനസർവീസുകൾ വെട്ടിക്കുറച്ച് ഓസ്ട്രേലിയ.
സർവീസുകൾ 30 ശതമാനം വെട്ടിക്കുറയ്ക്കുമെന്നാണ് പ്രധാനമന്ത്രി സ്കോട്ട് മോറിസണ് അറിയിച്ചത്.
രാജ്യത്തെ ക്വാറന്റൈൻ കേന്ദ്രങ്ങളിൽ വിദേശത്തുനിന്നെത്തി കോവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണു നടപടി.
സർക്കാരിന്റെ ചാർട്ടേഡ് സർവീസുകൾക്കും കൊമേഴ്സ്യൽ സർവീസുകൾക്കും വെട്ടിക്കുറയ്ക്കൽ ബാധകമാണെന്ന് എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു.
ഇന്ത്യയിലെ രണ്ടാം കോവിഡ് തരംഗത്തിന്റെ പശ്ചാത്തലത്തിലാണു വിലക്കെന്നു പറഞ്ഞ മോറിസണ്, സർവീസ് വെട്ടിക്കുറയ്ക്കൽ ബാധകമാകുന്ന മറ്റു രാജ്യങ്ങളുടെ പേര് വെളിപ്പെടുത്തിയില്ല.
എന്നിരുന്നാലും, ബ്രിട്ടന്റെ റെഡ് ലിസ്റ്റിനു സമാനമായ പട്ടികയാകും പ്രഖ്യാപിക്കുകയെന്ന് അദ്ദേഹം അറിയിച്ചു.
രോഗബാധിത രാജ്യങ്ങളിൽനിന്ന് എത്തുന്നവർക്കായി സർക്കാർ പുതിയ മാർഗനിർദേശങ്ങളും പുറത്തിറക്കി.
ഇത്തരം രാജ്യങ്ങളിൽ അവസാന 14 ദിവസം കഴിഞ്ഞവർ 72 മണിക്കൂറിനുള്ളിൽ എടുത്ത പിസിആർ പരിശോധനാഫലം ഹാജരാക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു.
ഇന്നലെ 3.14 ലക്ഷം കോവിഡ് കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. ലോകത്തെ ഏതെങ്കിലും ഒരു രാജ്യത്ത് ഇതേവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് കണക്കാണിത്.
1.59 കോടി ആളുകൾക്കാണ് ഇതുവരെ ഇന്ത്യയിൽ കോവിഡ് ബാധിച്ചത്.