റായ്പൂരിലെ സ്വാമി വിവേകാനന്ദ വിമാനത്താവളത്തിൽ വിമാനങ്ങൾക്കുള്ള പാർക്കിംഗ് ഫീസ് മണിക്കൂറിന് 320 രൂപയാണ്.
കഴിഞ്ഞ അഞ്ചര വർഷമായി ഒരു വിമാനം അവിടെ കിടപ്പുണ്ട്. ബംഗ്ലാദേശ് വിമാനകമ്പനിയായ യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ യാത്രാ വിമാനമാണ് അവിടെ അനാഥപ്രേതം പോലെ കിടക്കുന്നത്.
ഇതുവരെ നയപൈസ പാർക്കിംഗ് ഫീസായി നൽകിയിട്ടില്ല. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ(എഎഐ) ഈ വിമാനം മാറ്റാന്‍ യുണൈറ്റഡ് എയര്‍ലൈന്‍സിനോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല.
പാര്‍ക്കിംഗ് ഫീസായി 1.25 കോടി രൂപയാണ് യുണൈറ്റഡ് എയര്‍ലൈന്‍സ് റായ്പൂര്‍ വിമാനത്താവള അധികൃതര്‍ക്ക് നല്‍കാനുള്ളത്.
2015 ഓഗസ്റ്റ് ഏഴിന് രാത്രി ഏഴോടെയാണ് ബംഗ്ലാദേശ് വിമാനകമ്പനിയായ യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ യാത്രാ വിമാനം അടിയന്തരമായി ഇറക്കിയത്.
ധാക്കയില്‍ നിന്നും മസ്ക്കറ്റിലേക്കുള്ള യാത്രക്കിടെ എൻജിന് തകരാറിലായതിനെ തുടര്‍ന്നായിരുന്നു വിമാനം റായ്പൂരില്‍ ഇറക്കിയത്.
വിമാനം മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇതുവരെ 50ഓളം കത്തുകളും ഇമെയിലുകളും റായ്പൂരിലെ എഎഐ അധികൃതര്‍ യുണൈറ്റഡ് എയര്‍ലൈന്‍സിന് അയച്ചിട്ടുണ്ട്.
എല്ലാമാസവും കൃത്യമായി മറുപടിയും ലഭിക്കും – ബംഗ്ലാദേശ് വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടില്ല.
ഒടുവിൽ വിമാനം വിറ്റ് പാർക്കിംഗ് ഫീസ് മേടിക്കാനുള്ള നിയമവഴി തേടിയിരിക്കുകയാണ് റായ്പൂർ വിമാനത്താവള അധികൃതർ.