സ്വയം നിർമിച്ച വിമാനം അനുമതിയില്ലാതെ പറത്തിയ യുവാവ് പിടിയിൽ. പാക്കിസ്ഥാനിലാണ് സംഭവം. പാക്ക്പത്താനിലെ ആരിഫ്വാലയിൽ പോപ്പ്കോണ്‍ വിൽപ്പനക്കാരനായ ഇദ്ദേഹത്തിന്റെ പേര് മുഹമ്മദ് ഫയാസ് എന്നാണ്. അധ്വാനിച്ച് ലഭിച്ച വരുമാനവും ബാങ്ക് ലോണും ഉൾപ്പടെ 50,000 രൂപയ്ക്കാണ് അദ്ദേഹം വിമാനം നിർമിച്ചത്.
ആവശ്യമായ അനുമതിയില്ലാതെ വിമാനം നിർമിക്കുകയും സിവിൽ ഏവിയേഷൻ അഥോറിറ്റിയുടെ അനുമതിയില്ലാതെ വിമാനം പറത്തുകയും ചെയ്തുവെന്ന കുറ്റമാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.
“എന്റെ കഠിനാധ്വാനം കൊണ്ടാണ് ഞാൻ ഈ ചെറുവിമാനം നിർമിച്ചത്. 1,000 അടി ഉയരത്തിൽ പറക്കുവാൻ എന്റെ വിമാനത്തിനു സാധിക്കും. ഞാൻ ദേശസ്നേഹിയായ ഒരാളാണെന്ന് തെളിയിക്കാൻ എനിക്ക് ഒരു അവസരം നൽകു. വിമാനവുമായി ബന്ധപ്പെട്ട എല്ലാ അധികൃതരെയും ഞാൻ വിവരം അറിയിച്ചിരുന്നു. എന്നാൽ ആരും എനിക്ക് മറുപടി നൽകിയില്ല. വിമാനം പറത്തി നോക്കുവാനുള്ള അപേക്ഷ സിവിൽ ഏവിയേഷൻ അഥോറിറ്റിക്ക് ഞാൻ അയച്ചിരുന്നു. എന്നാൽ അവരും മറുപടി നൽകിയില്ല’. ഫയാസ് പറഞ്ഞു.