വിമാന യാത്രയ്ക്കിടെ അപ്രതീക്ഷിത സംഭവങ്ങൾ പലതും നടക്കാറുണ്ട്. അത്തരത്തിലൊരു കാര്യമാണ് വിയറ്റ്ജെറ്റ് വിമാനത്തിൽ കഴിഞ്ഞദിവസം സംഭവിച്ചത്. വിമാനം പുറപ്പെട്ട് കുറച്ച് സമയം കഴിഞ്ഞപ്പോൾ യാത്രക്കാരിയായ ഒരു സ്ത്രീക്ക് പ്രസവവേദനയുണ്ടായി. യാത്രക്കാരും അധികൃതരും എന്ത് ചെയ്യണമെന്നറിയാതെ പരിഭ്രാന്തരായി.
അപ്പോഴാണ് വിമാനത്തിന്റെ ക്യാപ്റ്റൻ ജാക്കറിൻ സരൺരാക്സ്കുൽ യുവതിക്ക് രക്ഷകനായെത്തിയത്. അദ്ദേഹത്തിന്റെ അവസരോചിതമായ ഇടപെടൽ മൂലം യുവതിയേയും കുഞ്ഞിനേയും രക്ഷിക്കാനായി. മെഡിക്കൽ രംഗത്ത് യാതൊരു മുൻപരിചയവുമില്ലാത്ത അദ്ദേഹം എങ്ങനെയാണ് കുഞ്ഞിനേയും അമ്മയേയും രക്ഷിച്ചതെന്നറിയേണ്ടേ.
വിമാനം പുറപ്പെട്ട് ഏതാനും മിനിട്ടുകൾ കഴിഞ്ഞപ്പോൾ യുവതി ശുചിമുറിയിലേക്ക് പോയി. അവിടെയെത്തിയപ്പോഴാണ് ഇവർക്ക് പ്രസവ വേദന ഉണ്ടായത്. അവർ ഉടൻതന്നെ വിമാനത്തിനുള്ളിലെ കാബിൻക്രൂ അംഗങ്ങളെ വിവരമറിയിച്ചു. അപ്പോഴേക്കും വേദന അസഹനീയമായി മാറിയിരുന്നു.
ആശങ്കയിലായ ജീവനക്കാർ ക്യാപ്റ്റൻ ജാക്കറിൻ സരൺരാക്സ്കുലിനെ വിവരമറിയിച്ചു. വിമാനത്തിന്റെ നിയന്ത്രണം സഹപൈലറ്റിനെ ഏൽപ്പിച്ച് ഉടൻതന്നെ ക്യാപ്റ്റൻ കോക്പിറ്റിൽ നിന്നും പുറത്തിറങ്ങി. യുവതിയുടെ അവസ്ഥ മനസിലാക്കിയ അദ്ദേഹം യാത്രക്കാരിൽ ആരെങ്കിലും ഡോക്ടർമാരുണ്ടോ എന്ന് അന്വേഷിച്ചു. എന്നാൽ അന്ന് ആരും തന്നെ ഡോക്ടർമാരായി ഉണ്ടായിരുന്നില്ല.
വേറൊരു നിവർത്തിയും ഇല്ലാതെ വന്നപ്പോൾ അദ്ദേഹം തന്റെ ഫോണിൽ നിന്ന് ഡോക്ടർമാരുമായി ബന്ധപ്പെട്ടു. അവർ ഓൺലൈനായി നൽകിയ നിർദേശമനുസരിച്ച് ജാക്കറിൻ സരൺരാക്സ്കുൽ സുരക്ഷിതമായി കുഞ്ഞിനെ പുറത്തെടുത്തു. യാത്രക്കാർ നിറകണ്ണുകളോടെ കൈകളടിച്ച് ആ കുഞ്ഞിനെ ഭൂമിയിലേക്ക് സ്വാഗതം ചെയ്തു.
Jakarin Sararnrakskul , Pilot of a Vietjet flight from Taipei to Bangkok had to leave his cockpit to help with the birth of a little boy in the aeroplane’s lavatory. Mother and child were receiving medical help at BKK airport and are in great condition. pic.twitter.com/ZBXYTGPvhQ
— ThaiMythbuster (@thaimythbuster) March 4, 2024