ന്യൂഡൽഹി: അമേരിക്കയിൽനിന്നു സിംഗപ്പുരിലേക്കുള്ള സിംഗപ്പുർ എയർലൈൻസ് വിമാനത്തിൽ സ്ത്രീകൾക്ക് പീഡനം. 14 മണിക്കൂർ നീണ്ട യാത്രയ്ക്കിടെ നാല് സ്ത്രീകളെ പീഡിപ്പിച്ചെന്നാണ് ആരോപണം.
ഇരകളുടെ പരാതിയിൽ ഇന്ത്യൻ പൗരനായ ബാലസുബ്രഹ്മണ്യൻ രമേഷിനെതിരേ (73) സിംഗപ്പുർ പോലീസ് കേസെടുത്തു. 21 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്.
കഴിഞ്ഞ18ന് പുലർച്ചെ 3.15നാണ് പ്രതി ആദ്യത്തെയാളെ വിമാനത്തിൽ പീഡിപ്പിച്ചത്. അഞ്ച് മിനിറ്റിനുശേഷം രണ്ടാമത്തെ സ്ത്രീയെ പീഡനത്തിനിരയാക്കി. രാവിലെ 9.30ന് മൂന്നാമതൊരു സ്ത്രീയെയും വൈകിട്ട് 5.30ഓടെ മറ്റൊരു സ്ത്രീയെയും പീഡിപ്പിച്ചു.
കോടതി രേഖകൾ പ്രകാരം ഒരു സ്ത്രീക്കുനേരേ നാലുതവണയും മറ്റു മൂന്നു സ്ത്രീകൾക്കുനേരേ ഓരോ തവണയും അതിക്രമം നടന്നെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സിംഗപ്പുർ കോടതിയിൽ പ്രതിക്കെതിരേ ഏഴ് പീഡനക്കേസുകളാണ് ചുമത്തിയിരിക്കുന്നത്.