വിമാനയാത്രയ്ക്കിടെ സഹയാത്രികന്റെ മേൽ യുവാവ് മൂത്രമൊഴിച്ചതായി പരാതി. ഇന്നലെ ഡൽഹിയിൽനിന്നു ബാങ്കോക്കിലേക്കു പോയ എയർ ഇന്ത്യയുടെ എഐ 2336 വിമാനത്തിലാണ് സംഭവം. ഒരു കമ്പനിയുടെ മാനേജിംഗ് ഡയറക്ടറുടെ ശരീരത്തേക്കാണ് മദ്യപിച്ച് ലക്കുകെട്ട വ്യക്തി മൂത്രമൊഴിച്ചത്.
പലതവണ യാത്രക്കാരന് മുന്നറിയിപ്പ് നൽകിയെങ്കിലും യാത്രക്കാരൻ ചെവിക്കൊണ്ടില്ലെന്ന് ജീവനക്കാർ പറഞ്ഞു. വിമാനത്തിൽ മൂത്രമൊഴിച്ച് അസ്വസ്ഥത സൃഷ്ടിച്ച യുവാവിനെതിരേ ഡിജിസിഎ നടപടിയെടുത്തേക്കുമെന്നാണു സൂചന. സംഭവം ശ്രദ്ധയിൽപ്പെട്ടതായും എയർ ഇന്ത്യ അധികൃതരോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും സിവിൽ ഏവിയേഷൻ മന്ത്രി കെ. റാം മോഹൻ നായിഡു മാധ്യമങ്ങളോടു പറഞ്ഞു.