വിമാനത്തിൽ വിൻഡോ സീറ്റ് വേണമെന്ന് ആവശ്യപ്പെട്ട് കാബിൻ ക്രൂ ജീവനക്കാരിയോട് തർക്കിച്ച യാത്രക്കാരന് ഒരു ചിത്രത്തിൽ കൂടി ജീവനക്കാരി നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽമീഡിയയുടെ കൈയടി നേടുന്നത്. ജപ്പാനിലാണ് സംഭവം.
ഇദ്ദേഹം വിൻഡോ സീറ്റ് വേണമെന്ന് ആവശ്യപ്പെട്ട് ബഹളം വയ്ക്കുകയായിരുന്നു. എന്നാൽ എല്ലാ സീറ്റുകളിലും യാത്രക്കാരുണ്ടായിരുന്നതിനാൽ വിൻഡോ സീറ്റ് ഇദ്ദേഹത്തിന് നൽകുവാൻ നിർവാഹമുണ്ടായിരുന്നില്ല.
ജീവനക്കാരിയുടെ വാക്കുകൾ കേൾക്കുവാൻ കൂട്ടാക്കാതിരുന്ന ഇദ്ദേഹം വിൻഡോ സീറ്റ് വേണമെന്ന വാശിയിൽ ഉറച്ചു നിന്നു. യാത്രക്കാരനെ പറഞ്ഞു മനസിലാക്കുവാൻ ഒരു മാർഗവുമില്ലെന്നു മനസിലാക്കിയ ജീവനക്കാരി ഒരു ബുദ്ധി ഉപയോഗിക്കുകയായിരുന്നു.
ഇവർ ഒരു പേപ്പറിൽ അന്തരീക്ഷത്തിലെ രണ്ടു മേഘങ്ങളുടെയും താഴെ കടലിന്റെയും ചിത്രം വരച്ച് ഇദ്ദേഹം ഇരിക്കുന്ന സീറ്റിനു സമീപം പതിക്കുകയായിരുന്നു. ചിത്രം കണ്ട യാത്രക്കാരൻ പിന്നീട് ഒരക്ഷരം പോലും ഉരിയാടാതെ തന്റെ സീറ്റിൽ ഇരിക്കുവാൻ തയാറാകുകയും ചെയ്തു.
സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്ന ഈ ചിത്രത്തിന് ഒരു പാട് അർത്ഥങ്ങളുണ്ടെന്ന് പറഞ്ഞ് നിരവധിയാളുകൾ രംഗത്തെത്തിയിരിക്കുകയാണ്.