ന്യൂഡൽഹി: നൂറു കണക്കിനു യാത്രക്കാരെയും വഹിച്ചു പറന്ന മൂന്നു വിമാനങ്ങൾ ഡൽഹി ആകാശത്ത് അപകടകരമായ രീതിയിൽ അടുത്തെത്തി. കൃത്യമായ മുന്നറിയിപ്പുകളുടെയും എടിസിയുടെ ഇടപെടലിനെയും തുടർന്ന് വൻ ദുരന്തം ഒഴിവാക്കാൻ കഴിഞ്ഞു.
ഈ മാസം 23-ന് ഡൽഹി ഫ്ളൈറ്റ് ഇൻഫർമേഷൻ മേഖലയിലാണ് മൂന്നു വിദേശ വിമാനങ്ങൾ അടുത്തെത്തിയത്. ഡച്ച് വിമാനം കെഎല്‍എം, തായ്വാന്റെ ഈവ എയർ, യുഎസിന്റെ നാഷണൽ എയർലൈൻസ് എന്നീ വിമാനങ്ങളാണ് പരിധി ലംഘിച്ചത്. അഫ്ഗാനിസ്ഥാനിലെ ബഗ്രാമിൽനിന്നു ഹോങ്കോംഗിലേക്കു പോകുകയായിരുന്നു നാഷണൽ എയർലൈൻസ് വിമാനം. കെഎല്‍എം വിമാനം ആംസ്റ്റർഡാമിൽനിന്നു ബാങ്കോക്കിലേക്കും ഈവ എയർ വിമാനം ബാങ്കോക്കിൽനിന്നു വിയന്നയിലേക്കുമാണ് പറന്നത്.
നാഷണൽ എയർലൈൻസ് വിമാനം 31,000 അടി ഉയരത്തിൽ പറക്കവെ ഈവ എയർ വിമാനം പരിധി ലംഘിച്ച് 32,000 അടി ഉയരത്തിലെത്തി പറന്നു. ഇതോടെ ഇരു വിമാനങ്ങളിലെയും പൈലറ്റുമാർക്ക് മുന്നറിയിപ്പ് നൽകി. ഇതേസമയംതന്നെ കെഎല്‍എം വിമാനം 33,000 അടി ഉയരത്തിലെത്തി. ട്രാഫിക് കൊളിഷൻ അവോയിഡൻസ് സിസ്റ്റത്തിൽനിന്നു മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് നാഷണൽ എയർലൈൻസ് വിമാനം 35,000 അടി ഉയരത്തിലേക്ക് ഉയർത്താൻ പൈലറ്റ് അനുവാദം ചോദിച്ചെങ്കിലും നിലവിലെ സ്ഥിതി തുടരാൻ നിർദേശിച്ചു.
എന്നിരുന്നാലും വിമാനം സാവധാനം ഉയരുന്നത് എടിസിയുടെ ശ്രദ്ധയിൽപ്പെട്ടു. ഇതോടെ വിമാനം ഇടത്തേക്കു പറത്താൻ പൈലറ്റിനോട് ആവശ്യപ്പെട്ടു. ഈ സമയം തന്നെ ഈവ എയർ 33,000 അടി ഉയരത്തിലേക്ക് ഉയരാൻ തുടങ്ങി. ഈ നിലയിലാണ് കെഎല്‍എം വിമാനം പറന്നിരുന്നത്. ഉടൻതന്നെ കർശന നിർദേശങ്ങൾ നൽകി വിമാനങ്ങൾ തമ്മിൽ കൃത്യമായ അകലം പാലിക്കുന്നുണ്ടെന്ന് എടിസി ഉറപ്പാക്കുകയും അപകടം ഒഴിവാക്കുകയുമായിരുന്നു.