ന്യൂഡൽഹി: എയർഇന്ത്യയിൽ സഹയാത്രികയ്ക്കു മേൽ മൂത്രമൊഴിച്ച സംഭവത്തിനു പിന്നാലെ വീണ്ടും സമാനമായ സംഭവം.
അമേരിക്കൻ എയർലൈനിന്റെ ന്യൂയോർക്ക്-ഡൽഹി വിമാനത്തിൽ മദ്യപിച്ചെത്തിയ യാത്രക്കാരൻ സഹയാത്രക്കാരനുമേൽ മൂത്രമൊഴിച്ചതായാണ് റിപ്പോർട്ടുകൾ.
ന്യൂയോർക്കിൽ നിന്നും വെള്ളിയാഴ്ച രാത്രി 9.14ന് പുറപ്പെട്ട എഎ 292 വിമാനത്തിലാണ് സംഭവമുണ്ടായത്.
വിമാനം ലാന്‍ഡ് ചെയ്തതിന് ശേഷം പ്രതിയെ കസ്റ്റഡിയിലെടുത്തതായി ഡല്‍ഹി (ഐജിഐ) വിമാനത്താവളം വൃത്തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.
പ്രതി ന്യൂയോർക്കിൽ പഠിക്കുന്ന വിദ്യാര്‍ഥിയാണെന്നും മദ്യപിച്ച് ഉറങ്ങിക്കിടക്കുമ്പോള്‍ മൂത്രമൊഴിച്ചു എന്നുമാണ് പറയപ്പെടുന്നത്.
വിദ്യാർഥി മാപ്പപേക്ഷിച്ചതിന് തുടർന്ന് ഔദ്യോഗികമായി പരാതി നൽകുന്നതിൽ നിന്നും പരാതിക്കാരൻ പിന്മാറിയെന്നും റിപ്പോർട്ടുണ്ട്.
എന്നാൽ, സംഭവം ഗൗരവമായി കണ്ട് അമേരിക്കൻ എയർലൈൻ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോളിനെ വിവരം ധരിപ്പിച്ചുവെന്നാണ് വിവരം.
ഇതേ തുടർന്ന് വിമാനം ഇറങ്ങിയയുടൻ പ്രതിയെ ഡൽഹി പോലീസിന് കൈമാറുകയായിരുന്നു.