ന്യൂഡൽഹി: രണ്ടാം ലോകമഹായുദ്ധ കാലയളവിൽ കാണാതായ അമേരിക്കൻ യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങൾ ഹിമാലയൻ മലനിരകൾക്കിടയിൽ നിന്നും കണ്ടെത്തി. 77 വർഷങ്ങൾക്ക് ശേഷമാണ് ഈ കണ്ടെത്തൽ.
1945ൽ ചൈനയിലെ കുൻമിംഗിൽ നിന്നും 13 യാത്രികരുമായി പുറപ്പെട്ട സി-46 ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് അരുണാചൽപ്രദേശിൽ വച്ചാണ് അപ്രത്യക്ഷമായത്. മോശം കാലാവസ്ഥയെ തുടർന്നാണ് വിമാനം തകർന്നതെന്നായിരുന്നു സൂചന.
എന്നാൽ അതിനു ശേഷം ആരും ഈ വിമാനത്തെക്കുറിച്ചോ വിമാനത്തിലെ യാത്രികരെ കുറിച്ചോ കേട്ടിട്ടില്ല.
അന്ന് വിമാനത്തിൽ യാത്ര ചെയ്ത ഒരാളുടെ മകന്റെ അഭ്യർഥന പ്രകാരം യുഎസ് സാഹസികനായ ക്ലേട്ടൺ കുഹ്ലെസ് എന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് വിമാനത്തെ തേടിയിറങ്ങിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മഞ്ഞുമൂടിയ ഒരു പർവതത്തിന്റെ മുകളിൽ നിന്നും ഇവർക്ക് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്താൻ കഴിഞ്ഞത്.
യാത്രഭാഗങ്ങളിലെ നമ്പർ പരിശോധിച്ചാണ് ഇവർ വിമാനം തിരിച്ചറിഞ്ഞത്.
അന്ന് വിമാനത്തിലുണ്ടായിരുന്ന ആരുടെതന്നെയും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താൻ സാധിച്ചിട്ടില്ല.
രണ്ടാം ലോകമഹായുദ്ധകാലത്ത് ഇന്ത്യ, ചൈന, മ്യാൻമർ എന്നിവിടങ്ങളിൽ നിരവധി യുഎസ് സൈനിക വിമാനങ്ങൾ കാണാതായിട്ടുണ്ട്.