ഒർലാൻഡോ: രണ്ടു വയസുകാരി മാസ്ക് ധരിച്ചില്ലെന്ന കാരണത്താൽ അമ്മയേയും കുട്ടികളേയും വിമാനത്തിൽനിന്ന് ഇറക്കി വിട്ടു. ന്യൂവാർക്കിൽനിന്നും ഒർലാൻഡോയിലേക്ക് പുറപ്പെട്ട ജെറ്റ് ബ്ല്യു വിമാനത്തിലാണ് അമ്മയ്ക്കും കുട്ടികൾക്കും ഈ ദുരനുഭവം ഉണ്ടായത്.
ഓഗസ്റ്റ് 19 നാണ് സംഭവം. അമ്മയും അഞ്ചു കുട്ടികളും മാസ്ക് ധരിച്ചിരുന്നുവെങ്കിലും രണ്ടു വയസുകാരി മാസ്ക് ധരിച്ചിരുന്നില്ല. ഇതാണ് ഫ്ലൈറ്റ് അറ്റന്‍റിനെ പ്രകോപിപ്പിച്ചത്.
കുട്ടിക്ക് മാസ്ക് ഉണ്ടെന്നും എന്നാൽ കുട്ടി അത് ധരിക്കാൻ കൂട്ടാക്കുന്നില്ലെന്നു പറഞ്ഞുവെങ്കിലും വിമാനാധികൃതർ അത് ചെവിക്കൊണ്ടില്ലെന്നാണ് കുട്ടിയുടെ അമ്മ പറയുന്നത്.
രണ്ടു വയസും അതിനുമുകളിലുള്ളവരും നിർബന്ധമായും മാസ്ക് ധരിക്കണമെന്ന നിബന്ധന പത്തുദിവസം മുന്പാണ് ജെറ്റ് ബ്ലു അധികൃതർ നടപ്പാക്കിയത്.
വിമാന ജോലിക്കാരുമായി കുട്ടിയുടെ അമ്മ സംസാരിക്കുന്നതുകേട്ട് മറ്റു യാത്രക്കാരും ഇവരുടെ സഹായത്തിനെയെങ്കിലും വിമാനത്തിന്‍റെ പൈലറ്റ് ഉൾപ്പെടെയുള്ളവർ ഇവരെ യാത്ര തുടരുവാൻ അനുവദിച്ചില്ല.
രണ്ടു വയസുകാരിയെ മാസ്ക് ധരിപ്പിക്കാതെ യാത്ര ചെയ്യാൻ അനുവദിക്കുകയില്ലെന്ന് വിമാനാധികൃതർ ശഠിച്ചതോടെ അമ്മയും മറ്റു കുട്ടികളും യാത്ര അവാസാനിപ്പിക്കുകയാണുണ്ടായത്.
ഇത്തരത്തിലുള്ള സംഭവം ഒരാൾക്കും ഉണ്ടാകരുതെന്ന് മാതാവ് പറയുന്പോൾ, യാത്രക്കാരുടേയും വിമാന ജോലിക്കാരുടേയും സുരക്ഷ ഉറപ്പാക്കേണ്ടതു തങ്ങളുടെ ഉത്തരവാദിത്വമാണെന്നാണ് വിമാന കന്പനി അധികൃതർ പറയുന്ന ന്യായം.
റിപ്പോർട്ട്: പി.പി. ചെറിയാൻ